ട്രഷറി നിയന്ത്രണം കർശനമാക്കി ധനകാര്യ വകുപ്പ്; 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് പ്രത്യേക അനുമതി ആവശ്യം
തിരുവനന്തപുരം: ട്രഷറി നിയന്ത്രണം കർശനമാക്കി ധനകാര്യ വകുപ്പ്. വേയ്സ് ആൻഡ് മീൻസ് പരിധി 10 ലക്ഷമായി കുറച്ചു. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണം. സാധാരണ ഗതിയിൽ സമ്പത്തിക വർഷം അവസാനിക്കുമ്പോഴാണ് ഇത്തരം നിയന്ത്രണം സ്വീകരിക്കാറുള്ളത്. നേരത്തെ 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനാണ് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നത്. അതേസമയം, സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ നാളെ പുറത്തിറക്കും. കെ.എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധസമിതി ഇന്ന് റിപ്പോർട്ട് കൈമാറും. സാമ്പത്തിക മേഖലയിൽ സമഗ്ര പരിഷ്കരണ നിർദേശങ്ങൾ ധവളപത്രത്തിൽ ഉണ്ടാകും വിസ്മയങ്ങളുള്ള ധവളപത്രം തയ്യാറാകുന്നു എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. ധവളപത്രം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. 5000 കോടി രൂപക്ക് മുകളിൽ ഖജനാവിൽ ബാക്കിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ വ്യക്തമാക്കുന്ന ധവളപത്രം നാളെ നിയമസഭയിൽ വെക്കും. വരുമാനം വർദ്ധിപ്പിക്കുന്നത് അടക്കം സാമ്പത്തിക രംഗത്ത് വരുത്തേണ്ട നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. മാറിയ കഴിഞ്ഞ സർക്കാർ അധികാരത്തിൽനിന്ന് മാറിയപ്പോൾ ഖജനാവിൽ ബാക്കി എത്ര രൂപയുണ്ടായിരുന്നു. കഴിഞ്ഞ സർക്കാർ ആരോപിച്ചത് പോലെ കേന്ദ്രത്തിൽനിന്ന് ഇനിയെത്ര പണം കിട്ടാനുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ധവള പത്രത്തിൽ ഉണ്ടാകും. കിഫ്‌ബിയിൽ അടിമുടി അഴിച്ചു പണിയാണ് ധവള പത്രത്തിലെ മുഖ്യ ഊന്നൽ എന്നാണ് സൂചന. കിഫ്‌ബി വരുമാനം ഉണ്ടാക്കാൻ കഴിയുന്ന പദ്ധതികളിലേക്ക് തിരിയണമെന്ന നിർദ്ദേശവും ധവള പത്രം പരാമർശിച്ചേക്കും. കിഫിഫ്ബിയെ ബജറ്റിനുള്ളിൽ കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതികൾ ആകും യുഡിഎഫ് സർക്കാർ പ്രഖ്യാപിക്കുക. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവള പത്രത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഒന്നാം വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് തയ്യാറാക്കുക.





