കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണം; കുടകിൽ റിട്ട.പൊലീസ് ഐ.ജിയുടെ ഭാര്യക്ക് ദാരുണാന്ത്യം

മംഗളൂരു: കുടക് ജില്ലയിൽ തിത്തിമതിയിലെ കാപ്പിത്തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. റിട്ട.പൊലീസ് ഐ.ജി അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യയാണ് (51) മരിച്ചത്. നാഗരഹോള കടുവ സംരക്ഷണ കേന്ദ്രത്തിലെ തിത്തിമതി, അനെച്ചോവ്കൂർ റേഞ്ച് എന്നിവയുടെ അതിർത്തിയിലുള്ള കൊണനകട്ടെയിലെ തോട്ടത്തിലായിരുന്നു സന്ധ്യ. രണ്ട് തൊഴിലാളികളോടൊപ്പം കുടുംബ ചടങ്ങിൽ പങ്കെടുക്കാൻ ബംഗളൂരുവിൽ നിന്ന് കുടകിലെത്തിയ അവർ തോട്ടം സന്ദർശിക്കുകയായിരുന്നു. സന്ധ്യയും തൊഴിലാളികളും തോട്ടത്തിലേക്ക് കയറിയപ്പോൾ പെട്ടെന്ന് കാട്ടാന അവരുടെ നേരെ പാഞ്ഞടുത്തു. ആനയെ കണ്ടയുടനെ മൂവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ട് തൊഴിലാളികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ആക്രമണത്തിൽ സന്ധ്യക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ ഗോണിക്കൊപ്പലിലെ ലോപമുദ്ര ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലക്ഷ്മികാന്ത്, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ദേവരാജ് എന്നിവരുൾപ്പെടെയുള്ള വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button