ആദിവാസി തൊഴിലാളികൾക്ക് കൂലിയായി മദ്യം നൽകിയ പ്രതി പിടിയിൽ
സുൽത്താൻ ബത്തേരി: ആദിവാസി തൊഴിലാളികൾക്ക് കൂലിയായി മദ്യം നൽകിയും, മദ്യവിൽപ്പന നടത്തിയും തൊഴിൽ ചൂഷണം നടത്തിവന്ന പ്രതി പിടിയിൽ വടുവൻചാൽ കോട്ടൂർ തകിടിയിൽ വീട്ടിൽ എൽദോ ടി.ജി. (47) എന്നയാളെയാണ് ബത്തേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും സംഘവും തന്ത്രപരമായി പിടികൂടിയത്
ഈ വർഷം ഫെബ്രുവരി ഒന്നിന് (ഡ്രൈ ഡേ ദിനത്തിൽ) അമ്പലവയൽ, വടുവൻചാൽ തമിഴ്നാട് അതിർത്തിയായ കോട്ടൂരിൽ വെച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആദിവാസി തൊഴിലാളികൾക്ക് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തിരുന്നു. ആ സമയം എക്സൈസ് സംഘത്തെ കണ്ട് എൽദോ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ എക്സൈസ് അബ്കാരി കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ എക്സൈസിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചാണ് ഇയാൾ നാളുകളായി പിടിതരാതെ ഒളിവിലായിരുന്നത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ മദ്യത്തിന് അടിമകളാക്കി തൊഴിൽ ചൂഷണം നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. തൊഴിലാളികൾക്ക് ലഭിക്കേണ്ട കൂലിയായി മദ്യം നൽകുന്നതായിരുന്നു ഇയാളുടെ ക്രൂരമായ രീതി. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഇയാളെ ഇന്നാണ് എക്സൈസ് സംഘം തന്ത്രപരമായി പിടികൂടി കോടതിയിൽ ഹാജരാക്കിയത്.





