ബ്രസീൽ ആരാധകർക്ക് നിരാശ; നെയ്മർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കില്ല

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങി നിരാശപ്പെടുത്തിയ ബ്രസീൽ ക്യാമ്പിന് വീണ്ടും കനത്ത പ്രഹരം. സൂപ്പർ താരം നെയ്മറുടെ പരിക്ക് ഗുരുതരമാണെന്നും ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗ്രൂപ്പ് സിയിലെ ഉദ്ഘാടന മത്സരത്തിൽ മൊറോക്കോയോട് 1-1 എന്ന നിലയിൽ ബ്രസീൽ സമനില വഴങ്ങിയിരുന്നു. മേയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് 34-കാരനായ നെയ്മറിന് കണങ്കാലിന് പരിക്കേൽക്കുന്നത്. പരിക്ക് പൂർണ്ണമായി ഭേദമാകുന്നതിന് മുൻപ് തന്നെ അവസാന നിമിഷമാണ് താരത്തെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ താരം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ബൂട്ട് അണിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ജൂൺ 19-ന് ഹെയ്തിയെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ടീമിന്റെ പരിശീലന ക്യാമ്പിൽ നെയ്മർ എത്തിയിരുന്നില്ല. താരം വീണ്ടും വിദഗ്ധ വൈദ്യപരിശോധനയ്ക്ക് വിധേയനായതായാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോക്കൗട്ടിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷ നെയ്മറുടെ പരിക്കിനെക്കുറിച്ച് ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടി പ്രത്യാശ പ്രകടിപ്പിച്ചു. ‘നെയ്മർ വേഗത്തിൽ സുഖം പ്രാപിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ താരം ടീമിനൊപ്പം ചേരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നെയ്മറുടെ സാങ്കേതിക മികവ് ചോദ്യം ചെയ്യപ്പെടാത്തതാണ്, അതോടൊപ്പം അദ്ദേഹത്തിന്റെ പരിചയസമ്പത്തും യുവതാരങ്ങൾക്ക് നൽകുന്ന പിന്തുണയും ടീമിന് അത്യാവശ്യമാണ്.’ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു. ബ്രസീലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവർക്കെതിരായ മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും. ജൂൺ 24-നാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം. നോക്കൗട്ട് ഘട്ടത്തോടെ താരം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. വിനീഷ്യസ് രക്ഷകനായി മൊറോക്കോയ്‌ക്കെതിരായ മത്സരത്തിൽ നെയ്മറുടെ അഭാവത്തിൽ ബ്രസീലിന്റെ മുന്നേറ്റനിര കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. പരിചയസമ്പന്നനായ ഒരു പ്ലേമേക്കറുടെ കുറവ് ടീമിൽ പ്രകടമായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ തകർപ്പൻ ഗോളിലൂടെ വിനീഷ്യസ് ജൂനിയർ ബ്രസീലിന് സമനില സമ്മാനിക്കുകയായിരുന്നു. മത്സരത്തിന് മുന്നോടിയായി പ്രശസ്ത റാപ്പർ ട്രാവിസ് സ്കോട്ട്, സൂപ്പർ ബോൾ താരം ടോം ബ്രാഡി തുടങ്ങിയ പ്രമുഖരെ അഭിവാദ്യം ചെയ്യാൻ നെയ്മർ ഗ്രൗണ്ടിൽ എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button