അര്‍ജന്റീനയോ, ഇംഗ്ലണ്ടോ? ഫൈനലില്‍ ആര് വരണമെന്ന ആഗ്രഹം വെളിപ്പെടുത്തി ലാമിൻ യമാല്‍
ഡാലസ്: 2026 ഫിഫ ലോകകപ്പ് ഫൈനലിൽ മെസിയുടെ അര്‍ജന്റീനയെ നേരിടണമെന്ന ആഗ്രഹം പരസ്യമാക്കി സ്പെയിന്റെ കൗമാര താരം ലാമിൻ യമാൽ. ഒരു അഭിമുഖത്തിലാണ് പത്തൊൻപതുകാരനായ ‘ബാഴ്സലോണ’ വിംഗർ തന്റെ സ്വപ്ന ഫൈനലിനെക്കുറിച്ച് മനസ്സ് തുറന്നത്. ഫ്രാന്‍സിനെതിരായ മത്സര ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. “ലോകകപ്പ് ഫൈനലിൽ ലിയോ മെസ്സിയെ നേരിടാൻ കഴിയുന്നത് അതിശയകരമായ കാര്യമായിരിക്കും. അത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”- ലാമിൻ യമാൽ വ്യക്തമാക്കി. ആവേശകരമായ സെമിഫൈനലിൽ മുൻ ചാമ്പ്യന്മാര്‍ കൂടിയായ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മത്സരത്തിൽ ലൂക്കാസ് ഡിഗ്നെ ലാമിൻ യമാലിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൈക്കൽ ഒയാർസബാലാണ് സ്പെയിനെ മുന്നിലെത്തിച്ചത്. തുടർന്ന് 58-ാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ സ്പെയിൻ തങ്ങളുടെ വിജയമുറപ്പിച്ചു. 2010ൽ ലോകകിരീടം ചൂടിയ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെ സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലെ വിജയികളെയാണ് ജൂലൈ 19ന് ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്പെയിൻ നേരിടുക. അർജന്റീന സെമി കടമ്പ കടന്നാൽ, ഫുട്ബോൾ ലോകം കാത്തിരിക്കുന്ന മെസ്സി-യമാൽ സ്വപ്ന പോരാട്ടത്തിനാണ് ലോകകപ്പ് ഫൈനൽ വേദിയാകുന്നത്.





