ദേബ്ജിത്തിന്റെ ഇരട്ട സേവുകൾ; ഷൂട്ടൗട്ടിൽ കൊച്ചിക്ക് ത്രില്ലർ ജയം
വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്സിയുടെ കുതിപ്പ് തുടരുന്നു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ ഷൂട്ടൗട്ടിൽ 4–2ന് കീഴടക്കിയാണ് കൊച്ചി പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പകരക്കാരനായി ഇറങ്ങി തൃശൂരിന്റെ രണ്ട് പെനാൽറ്റികൾ തടഞ്ഞ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറാണ് കൊച്ചിയുടെ വിജയത്തിൽ നിർണായകമായത്.ആദ്യ പകുതിയിൽ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കൊച്ചിക്കായി. ഒൻപതാം മിനിറ്റിൽ എലിട്ടൻ ജൂനിയറിന്റെ ക്രോസിൽ റെനാൻ റോച്ച നടത്തിയ ഹെഡർ തൃശൂർ ഗോൾകീപ്പർ കമാലുദ്ദീൻ തട്ടിയകറ്റി. എന്നാൽ 14-ാം മിനിറ്റിൽ കൊച്ചി ലീഡ് നേടി. കോർണറിൽനിന്ന് ലഭിച്ച പന്ത് ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ വലയിലെത്തിച്ചത് ക്യാപ്റ്റൻ നാഹുവൽ പരേരയായിരുന്നു.ഗോൾ അനുവദിച്ചതിനെതിരെ തൃശൂർ താരങ്ങളും ഒഫീഷ്യൽസും പ്രതിഷേധവുമായി രംഗത്തെത്തി. ഗോളിന് തൊട്ടുമുമ്പ് ഹാൻഡ്ബോൾ ഉണ്ടായെന്നായിരുന്നു തൃശൂരിന്റെ വാദം. റഫറിമാരുമായുള്ള തർക്കത്തിനിടെ തൃശൂർ ഗോൾകീപ്പർ കോച്ച് റെക്സ് ഗബ്രിയേൽ ഫ്രാങ്ട്ടനും മാനേജർ സുശാന്ത് മാത്യുവും ചുവപ്പുകാർഡ് കണ്ടു. തുടർന്ന് പ്രതിഷേധവും തർക്കവും രൂക്ഷമായതോടെ മത്സരം അരമണിക്കൂറോളം തടസ്സപ്പെട്ടു.കളി പുനരാരംഭിച്ചശേഷം ലീഡ് ഉയർത്താൻ കൊച്ചിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 25-ാം മിനിറ്റിൽ അലൻ സജിക്ക് ലഭിച്ച സുവർണാവസരം നഷ്ടമായി. മറുവശത്ത് 43-ാം മിനിറ്റിൽ കൊച്ചി ഗോൾകീപ്പർ ജെയ്മി ജോയിയെ മറികടന്ന വാലന്റീന്റെ ശ്രമം പ്രതിരോധം കൃത്യസമയത്ത് ഇടപെട്ട് തടഞ്ഞു. ഇതോടെ ആദ്യ പകുതി കൊച്ചിയുടെ ഏകഗോൾ ലീഡിൽ അവസാനിച്ചു.രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായാണ് തൃശൂർ ഇറങ്ങിയത്. ഹരികൃഷ്ണനെ പിൻവലിച്ച് അഫ്സലിനെ കളത്തിലിറക്കിയതോടെ ആക്രമണത്തിന് കൂടുതൽ വേഗം കൈവന്നു. 59-ാം മിനിറ്റിൽ അഫ്സലിനെ സൽമാൻ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് തൃശൂരിന് പെനാൽറ്റി ലഭിച്ചു. സ്പാനിഷ് താരം സെർജിയോ ഗിൽ പിഴവില്ലാതെ പന്ത് വലയിലെത്തിച്ചതോടെ സ്കോർ 1–1.എന്നാൽ നാല് മിനിറ്റിനകം കൊച്ചി വീണ്ടും മുന്നിലെത്തി. സീസണിലെ ആറാം ഗോൾ നേടിയ രാഹുൽ രാജുവാണ് ആതിഥേയർക്ക് ലീഡ് തിരിച്ചുനൽകിയത്. പക്ഷേ കൊച്ചിയുടെ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 68-ാം മിനിറ്റിൽ അൻഷിദിനെതിരായ ഫൗളിന് ലഭിച്ച പെനാൽറ്റിയും സെർജിയോ ഗിൽ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ സ്കോർ 2–2 ആയി.പിന്നീടുള്ള സമയത്ത് വിജയഗോൾ കണ്ടെത്താൻ ഇരുടീമുകളും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ കൊച്ചിക്കായി ഗോൾവല കാത്ത ദേബ്ജിത്ത് മജുംദാർ നിർണായകമായി. തൃശൂരിന്റെ ജിയാദ്, ഷിഹാസ് എന്നിവരുടെ കിക്കുകൾ തടഞ്ഞ ദേബ്ജിത്ത് കൊച്ചിക്ക് 4–2ന്റെ ഷൂട്ടൗട്ട് വിജയം സമ്മാനിച്ചു.ഈ വിജയത്തോടെ ആറ് മത്സരങ്ങളിൽ അഞ്ച് ജയമടക്കം 13 പോയന്റുമായി ഫോഴ്സ കൊച്ചി എഫ്സി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയന്റ് മാത്രമുള്ള തൃശൂർ മാജിക് എഫ്സി ആറാം സ്ഥാനത്താണ്.സൂപ്പർ ലീഗ് കേരളയുടെ ആറാം റൗണ്ടിലെ അടുത്ത മത്സരത്തിൽ ഒക്ടോബർ 31ന് കണ്ണൂർ വാരിയേഴ്സ് എഫ്സി തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആദ്യ പാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഷൂട്ടൗട്ടിൽ വിജയം കൊമ്പൻസിനൊപ്പമായിരുന്നു.മത്സരം സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക) എന്നിവയിലൂടെ തത്സമയം കാണാം. മത്സരങ്ങളുടെ ടിക്കറ്റുകൾ സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിൽ നിന്നും ലഭിക്കും.





