ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലിയും ബുംറയും ടീമിൽ
മുംബൈ: വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജനുവരിക്ക് ശേഷം ആദ്യമായി സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രധാന ആകർഷണം. യുവതാരം ശുഭ്മാൻ ഗിൽ ആണ് ടീമിനെ നയിക്കുന്നത്. ശ്രേയസ് അയ്യരാണ് ഉപനായകൻ. അതേസമയം, സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരമ്പര നഷ്ടമാകും. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നതിനിടെ ഏറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനാലാണ് താരത്തെ പരിഗണിക്കാതിരുന്നത്. രോഹിത് ശർമയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ചെന്നൈയിൽ നടന്ന അവസാന മത്സരങ്ങളിൽ യഥാക്രമം 14, 48, 79 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. ഇടംകയ്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ അഫ്ഗാനിസ്ഥാനെതിരെ തൻ്റെ രണ്ടാമത്തെ ഏകദിന സെഞ്ച്വറി നേടി തിളങ്ങിയതോടെ ഓപ്പണിങ് പങ്കാളിയെക്കുറിച്ച് നായകൻ ശുഭ്മാൻ ഗിൽ കൃത്യമായ മറുപടി നൽകാതിരുന്നത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷം ബുംറയുടെ മടങ്ങിവരവ് നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളർ ജസ്പ്രീത് ബുംറ ഏകദിനത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രധാന വാർത്ത. 2023ൽ അഹമ്മദാബാദിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചത്. ഐ.പി.എൽ 2026 സീസണിന് ശേഷമുള്ള ബുംറയുടെ ആദ്യ ദേശീയ ദൗത്യം കൂടിയാണിത്. അയർലൻഡിനെതിരായ രണ്ട് ട്വന്റി 20 മത്സരങ്ങളോടെയാണ് ഇന്ത്യയുടെ യൂറോപ്പ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പര കളിക്കും. ജൂലൈ 14ന് എഡ്ജ്ബാസ്റ്റണിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷദീപ് സിങ്, ഗുർനൂർ ബ്രാർ. ഇംഗ്ലണ്ട് പര്യടനത്തിന്റെ പൂർണ്ണ ഷെഡ്യൂൾ: ട്വന്റി 20 പരമ്പര: ഒന്നാം ട്വന്റി 20: ജൂലൈ 1 – ചെസ്റ്റർ-ലെ-സ്ട്രീറ്റ്രണ്ടാം ട്വന്റി 20: ജൂലൈ 4 – മാഞ്ചസ്റ്റർമൂന്നാം ട്വന്റി 20: ജൂലൈ 7 – നോട്ടിംഗ്ഹാംനാലാം ട്വന്റി 20: ജൂലൈ 9 – ബ്രിസ്റ്റോൾഅഞ്ചാം ട്വന്റി 20: ജൂലൈ 11 – സതാംപ്ടൺഏകദിന പരമ്പര: ഒന്നാം ഏകദിനം: ജൂലൈ 14 – ബർമിംഗ്ഹാം (എഡ്ജ്ബാസ്റ്റൺ) രണ്ടാം ഏകദിനം: ജൂലൈ 16 – കാർഡിഫ് മൂന്നാം ഏകദിനം: ജൂലൈ 19 – ലോർഡ്‌സ്





