കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര; അന്തിമ തീരുമാനം തിങ്കളാഴ്ച
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിൽ അന്തിമ തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭയിൽ ഉണ്ടാകും. പ്രായ പരിധിയോ വരുമാന പരിധിയും ഇല്ലാതെയാകും സൗജന്യ യാത്ര എന്നാണ് സൂചന. കെ.എസ്.ആർ.ടിസിക്ക് നഷ്ടമില്ലാത്ത വിധം സൗജന്യ യാത്ര നടപ്പിലാക്കുമെന്നും പെൻഷൻ ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്നും ഗതാഗത മന്ത്രി സി.പി ജോൺ പറഞ്ഞു. ജൂൺ 15ാം തീയതി മുതൽ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്. ചില സഹകരണ സ്ഥാപനങ്ങൾ പിൻമാറിയത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അവരുമായും ചർച്ച ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകി. സൗജന്യ യാത്രാ പദ്ധതി പ്രമുഖ വനിതാ താരങ്ങളെ അടക്കം പങ്കെടുപ്പിച്ച് നടത്താൻ ചർച്ചകൾ നടക്കുന്നതായാണ് വിവരം.അതേസമയം, കെ.എസ്.ആർ.ടി.സി മുഴുവൻ ബസുകളിലും സൗജന്യ യാത്ര നടപ്പിലാക്കിയാൽ 112 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓർഡിനറി ബസിൽ മാത്രമാണെങ്കിൽ 57 കോടിയുടെ ബാധ്യത സർക്കാരിന് വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.





