നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുടുങ്ങിയവരിൽ മലയാളികളും; കാസർകോട് സ്വദേശികളായ അഞ്ചംഗ സംഘം സുരക്ഷിതരെന്ന് റിപ്പോർട്ട്
കാഠ്മണ്ഡു: നേപ്പാളിലെ അപ്രതീക്ഷിതമായ മിന്നൽപ്രളയത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളിൽ കാസർകോട്ട് നിന്നുള്ള മലയാളി സംഘവും. കാഞ്ഞങ്ങാട് മുൻ എസ്ഐ പ്രദീപ് അടക്കമുള്ളവരാണ് വഴിയിൽ കുടുങ്ങിപ്പോയത്. ഇവർ സുരക്ഷിതരാണെന്നും മറ്റൊരു പാതയിലൂടെ യാത്ര തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എറണാകുളത്തെ ട്രാവൽ ഏജൻസി വഴി വിനോദയാത്രയ്ക്ക് പോയതായിരുന്നു സംഘം. ഇന്ന് രാവിലെ ഒമ്പതിനാണ് നേപ്പാളിലെ റസുവ ജില്ലയിൽ മിന്നൽ പ്രളയമുണ്ടായത്. ദുരന്തത്തിൽ 16 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ വിവരം. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, കൈവശമുള്ള മൊബൈൽ നമ്പർ എന്നിവ തയ്യാറാക്കി സഹിതം അറിയിക്കണമെന്നാണ് നിർദേശം. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി അറിയിച്ചു. ഭോട്ടേകോശി നദിയിലൂടെ രാവിലെ ഒമ്പതോടെയാണ് മിന്നല്‍ പ്രളയമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപ്രതീക്ഷിതമായി കലക്കുവെള്ളം കുതിച്ചെത്തിയതോടെ റസുവ ജില്ലയിലെയും സ്യാബ്രുബെസി പ്രദേശത്തെയും നിരവധി കെട്ടിടങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയതായാണ് വിവരം. പ്രളയത്തില്‍ വെള്ളത്തിലകപ്പെട്ടവരെയും കാണാതായവരെയും പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനദൗത്യം തുടരുകയാണെന്ന് നേപ്പാള്‍ ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാള്‍ ആര്‍മി, പൊലീസ് സേന തുടങ്ങിയവര്‍ സജീവമായി രംഗത്തുണ്ടെന്നും അധികം വൈകാതെ ദൗത്യം പൂര്‍ത്തീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്രളയത്തിന് പിന്നാലെ ബിഹാർ, യുപി എന്നിവിടങ്ങളിലും സർക്കാർ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. 24 മണിക്കൂറും പെട്രോളിങ് നടത്തും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് എസ്ഡിആർഎഫ്, എൻഡിആർഎഫ് എന്നിവർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.





