കൊളംബോ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; രണ്ടാം ഇന്നിങ്സിൽലങ്കക്ക് ബാറ്റിങ് തകർച്ച
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. നാലാംദിനം കളി അവസാനിക്കുമ്പോൾ ലങ്ക 229-6 എന്ന നിലയിലാണ്. സോനൽ ദിനുഷ (7), കേഷാര നുവാന്ദ (3) എന്നിവരാണ് ക്രീസിൽ. നേരത്തെ ആദ്യ ഇന്നിങ്സിൽ 290 റൺസിന് ഓൾഔട്ടായ ആതിഥേയരെ ഇന്ത്യ ഫോളോഓൺ ചെയ്യിക്കുകയായിരുന്നു. എന്നാൽ രണ്ടാം ഇന്നിങിൽ പൊരുതിയ ലങ്ക ഇന്ത്യക്കെതിരെ നേരിയ ലീഡ് പിടിച്ച് കനത്ത തോൽവി ഒഴിവാക്കി. ഇതുവരെ 16 റൺസിന്റെ ലീഡാണ് ആതിഥേയർക്കുള്ളത്. അർധ സെഞ്ചറി നേടിയ പസിന്ദു സൂര്യബന്ദാര(80)ലങ്കക്കായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ ബന്ദാരയെ മടക്കി മാനവ് സുതർ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി.നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 503നെതിരെ ശ്രീലങ്ക 290ന് ഓൾഔട്ടാകുകയായിരുന്നു. സൊനൽ ദിനുഷ സെഞ്ച്വറി(103) നേടി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതർ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. ഒന്നാം ഇന്നിങിൽ ഇന്ത്യ ഒമ്പതിന് 503 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ധ്രുവ് ജുറൽ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കൽ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.





