തടിച്ചുകൊഴുത്തും വയറൊട്ടിയും ഇന്ത്യ; അമിത വണ്ണവും പോഷകാഹാരക്കുറവും ഭീഷണി

ന്യൂഡൽഹി: ഇന്ത്യൻ ജനസംഖ്യയിൽ പൊണ്ണത്തടിയും പ്രമേഹവും ആശങ്കാജനകമായി വർധിച്ചുവരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നു. അതേസമയം രാജ്യത്തിന്റെ ഒരു വിഭാഗം ഇപ്പോഴും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്ന വൈരുധ്യവും സർവേ ചൂണ്ടിക്കാണിക്കുന്നുണ്ട്. നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ജീവിതശൈലീ രോഗങ്ങൾ ഗ്രാമങ്ങളിലേക്കും ചെറുകിട പട്ടണങ്ങളിലേക്കും വ്യാപകമായി പടരുകയാണ്. സ്ത്രീകളിൽ മൂന്നിൽ ഒരാൾക്കും പുരുഷന്മാരിൽ നാലിൽ ഒരാൾക്കും അമിതവണ്ണം ഉണ്ടെന്നാണ് സർവേയിലെ കണ്ടെത്തൽ. പുരുഷന്മാരിൽ അഞ്ചിൽ ഒരാൾക്ക് വീതം രക്തത്തിൽ പഞ്ചസാരയുടെ തോത് ഉയർന്നതാണ്. ഇതിനുമുമ്പ് നടത്തിയ പഠനത്തെ അപേക്ഷിച്ച് രൂക്ഷമാകുന്ന ഈ സ്ഥിതിവിശേഷത്തെ ദേശീയ മെറ്റാബോളിക് വ്യാധിയെന്നാണ് ആരോഗ്യരംഗത്തെ വിദഗ്‌ധർ വിശേഷിപ്പിക്കുന്നത്. മുൻ പഠനത്തിൽ സ്ത്രീകളിൽ 24 ശതമാനമായിരുന്നത് 30.7 ശതമാനമായും, പുരുഷന്മാരിൽ 22.9 ശതമാനം ആയിരുന്നത് 27.3 ശതമാനമായും ഉയർന്നു. പോഷകക്കുറവിന്‍റെ കെടുതികൾ നേരിടുന്ന പുരുഷന്മാരുടെ അനുപാതം 16.2 ശതമാനത്തിൽ നിന്ന് 19.7 ആയി വർധിച്ചു. എന്നാൽ, സ്ത്രീകളുടെ കാര്യത്തിൽ അൽപം മെച്ചപ്പെട്ടിട്ടുമുണ്ട്, 19.7 ആയിരുന്നത് 15 ശതമാനത്തിലേക്ക് താഴ്ന്നു. 715 ജില്ലകളിലെ 6.79 ലക്ഷം കുടുംബങ്ങളിൽ 2023-24 ലാണ് സർവേ നടത്തിയത്. പോഷകാഹാരത്തിന്‍റെ കാര്യത്തിൽ ഇന്ത്യക്ക് അവഗണിക്കാനാകാത്ത സ്ഥിതിവിശേഷത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് സർവേയിലെ കണ്ടെത്തലെന്ന് ബംഗളൂരു ഫോർട്ടിസ് ആശുപത്രിയിലെ ഇന്‍റേണൽ മെഡിസിൻ ആൻഡ് പ്രിവന്‍റിവ് ഹെൽത്ത് അഡീഷനൽ ഡയറക്‌ടർ ഡോ. ശാലിനി ജോഷി പറഞ്ഞു. എല്ലാ പ്രായക്കാർക്കും ആവശ്യമായ പോഷക സന്തുലനത്തിന്‍റെയും വ്യായാമത്തിന്‍റെയും പ്രാധാന്യമാണ് എടുത്തുകാട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button