കർഷകരുടെ വരുമാനം ആയ പാൽ വില വർധനയിൽ പ്രതിഷേധിച്ച് രാജീവ് ചന്ദ്രശേഖർ, ഇന്ധന വിലയിൽ പ്രതിഷേധിച്ച് കമന്‍റ് ബോക്സ്, ബി ജെ പി സംസ്ഥാന അധ്യക്ഷൻ എയറിൽ

തിരുവനന്തപുരം: മിൽമ പാലിന്റെയും തൈരിന്റെയും വില വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധാരണക്കാരുടെ കുടുംബ ബജറ്റ് തകർക്കുന്ന രീതിയിൽ സർക്കാർ വിലക്കയറ്റം അടിച്ചേൽപ്പിക്കുകയാണെന്നും, തീരുമാനം പിൻവലിക്കാത്ത പക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നുമാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയത്.എന്നാൽ, ബി.ജെ.പി അധ്യക്ഷന്റെ സോഷ്യൽ മീഡിയയിലെ ഈ പോസ്റ്റിന് താഴെ പ്രതിഷേധവും പരിഹാസവും കൊണ്ട് നിറയുകയാണ്. ഇന്ധന വില വർധനവാണ് പാൽ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് അടിസ്ഥാന കാരണമെന്നും, അതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ പാൽ വിലയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്നുമാണ് പ്രധാന വിമർശനം. കേന്ദ്രസർക്കാർ ഇന്ധന വില കുത്തനെ കൂട്ടിയപ്പോൾ മൗനം പാലിച്ച ബി.ജെ.പി നേതാക്കൾ, ഇപ്പോൾ പാൽ വില വർധനയിൽ മാത്രം പ്രതികരിക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് നിരവധി പേർ കമന്റ് ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ സ്വന്തം സർക്കാരിന്റെ ഇന്ധന നയങ്ങളെ ന്യായീകരിക്കുന്നതും, സംസ്ഥാന സർക്കാരിനെ മാത്രം പഴിചാരുന്നതും വിഡ്ഢിത്തമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് രാവിലെ മുതലാണ് മിൽമ പാലിന് ലിറ്ററിന് നാല് രൂപയും തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചത്. ഉൽപ്പാദനച്ചെലവ് വർധിച്ചതിനെത്തുടർന്ന് കർഷകർക്ക് ഗുണകരമാകുന്ന രീതിയിലാണ് വില വർധനയെന്ന് മിൽമ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, സാധാരണക്കാരായ ജനങ്ങൾക്കിടയിൽ ഇത് കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button