പരീക്ഷാഫലത്തിന് പിന്നാലെ ദുരന്തം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍
കൊല്ലം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ കൊല്ലം ചിറക്കരയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശിനെയാണ് (17) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ ഒരു വിഷയത്തിന് പരാജയപ്പെട്ടതിലുള്ള വിഷമമാണ് കൗമാരക്കാരനെ ഈ കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പ്രജൂബ്. ബുധനാഴ്ച സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്. ഫലം അറിഞ്ഞതിന് ശേഷം കിടപ്പുമുറിയിലേക്ക് പോയ പ്രജൂബിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂളിലും നാട്ടിലും ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു പ്രജൂബ്. ഒരു വിഷയത്തിലുണ്ടായ തിരിച്ചടി ഇത്ര വലിയൊരു തീരുമാനത്തിലേക്ക് അവനെ നയിക്കുമെന്ന് വീട്ടുകാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.





