നാല് മാസത്തിനിടെ സംസ്ഥാനത്ത് വാഹനാപകട മരണം 1384

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനിടെ വാഹനാപകടങ്ങളിൽ വർധന. 18,598 അപകടങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്തെ റോഡുകളിൽ സംഭവിച്ചത്.സംസ്ഥാന പൊലീസ് വകുപ്പിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 1384 പേർക്കാണ് ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വിവിധ അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത്. 21,255 പേർക്ക് ചെറുതും വലുതുമായ പരിക്കുകളുമേറ്റു. ഇരുചക്രവാഹനങ്ങളാണ് അപകടങ്ങളിൽ പെടുന്നതിൽ കൂടുതലും. കാർ, ഓട്ടോറിക്ഷ, ബസ്, ലോറി അപകടങ്ങളും ധാരാളം സംഭവിച്ചിട്ടുണ്ട്.ദേശീയപാത, സംസ്ഥാന പാത, പഞ്ചായത്ത് പാത എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലായിടത്തും അപകടങ്ങൾ നിത്യസംഭവമാകുന്നതായാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.റോഡ് സുരക്ഷ ബോധവത്കരണങ്ങളും കർശന പരിശോധനയും മറ്റും മുറതെറ്റാതെ നടക്കുമ്പോഴും അപകടങ്ങൾക്ക് കുറവുണ്ടാകുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാലക്കാട് ജില്ലയിൽ 1135 അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായത്. 111 പേർക്ക് ജീവൻ നഷ്ടമായി. 1310 പേർക്ക് പരിക്കേറ്റു.വയനാട് ജില്ലയിൽ 353 അപകടങ്ങളാണ് സംഭവിച്ചത്. 28 പേർ മരിച്ചു. 420 പേർക്ക് പരിക്കേറ്റു. കൊല്ലം റൂറലിൽ 565 അപകടങ്ങളുണ്ടാവുകയും 49 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 628 പേർക്കാണ് പരിക്കേറ്റത്.ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടും അമിത വേഗതയും അശ്രദ്ധയും മദ്യപിച്ച് വാഹനമോടിക്കുന്നതുമെല്ലാം അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 49,889 വാഹനാപകടങ്ങളാണ് ഉണ്ടായത്. 3733 പേർക്ക് നിരത്തിൽ ജീവൻ പൊലിഞ്ഞു. 56,922 പേർക്ക് പരിക്കേറ്റു.റോഡുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സമയമാണ് മഴക്കാലം. മഴ റോഡിനെയും വാഹനത്തെയും ഡ്രൈവറുടെ കാഴ്ചയെയും ബാധിക്കുന്നു.മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യാത്ര ആരംഭിക്കുന്നതിന് മുമ്പ് സ്റ്റിയറിങ്, ക്ലച്ച്, ബ്രേക്ക്, ആക്സിലറേറ്റർ എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പരാമാവധി പതുക്കെ വാഹനം ഓടിക്കുക. റോഡുകളില്‍ രൂപപ്പെടുന്ന കുഴികളിൽ വെളളം കെട്ടിനിന്ന് അപകടത്തിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനമോടിക്കുക. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. നനഞ്ഞ കാലാവസ്ഥയിൽ നിർത്താനോ വേഗത ക്രമീകരിക്കാനോ കൂടുതൽ സമയമെടുക്കും. മഴക്കാലത്ത് വേഗപരിധി സാധാരണ വേഗപരിധിയേക്കാൾ കുറവായിരിക്കണം. വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. വാഹനം പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക. മോശം കാലാവസ്ഥയിൽ ഗതാഗതക്കുരുക്ക് കൂടുതൽ വഷളാകുന്നു. മുൻകൂട്ടി പ്ലാൻ ചെയ്‌ത് നേരത്തെ പുറപ്പെടുക. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ് ലൈറ്റുകൾ തെളിയിക്കുന്നത് മറ്റ് റോഡ് ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വാഹനങ്ങളുടെ ടയറിന്റെ നിലവാരം പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കുക. ടയർ പ്രഷർ കൃത്യമായി വെക്കാൻ ശ്രദ്ധിക്കുക. ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ്ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധിക്കണം. കനത്ത മഴയുളള സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കുക.




