981 ദിവസങ്ങൾക്കുശേഷം മഞ്ഞ കുപ്പായത്തിൽ സുൽത്താൻ; ഫൈനൽ വിസിലിനു പിന്നാലെ കണ്ണീരണിഞ്ഞ് നെയ്മർ, പിന്നാലെ മകൾക്കടുത്തേക്ക്
മിയാമി: ബ്രസീൽ ആരാധകർ ഏറെ നാളായി കാത്തിരുന്ന നിമിഷം. 981 ദിവസത്തെ ഇടവേളക്കുശേഷം ബ്രസീലിന്‍റെ മഞ്ഞ കുപ്പായത്തിൽ സൂപ്പർതാരം നെയ്മർ കളത്തിലിറങ്ങി. ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെതിരായ അവസാന മത്സരത്തിൽ 76ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയാണ് ഈ ലോകകപ്പിൽ 34കാരൻ അരങ്ങേറ്റം കുറിച്ചത്. ഗാലറി ഒന്നടങ്കം കരഘോഷത്തോടെയാണ് താരത്തെ വരവേറ്റത്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. മത്സരത്തിനിടെ ഓൺ ടാർഗറ്റിലേക്ക് താരം ഒരു ഷോട്ട് തൊടുത്തെങ്കിലും സ്കോട്ടിഷ് ഗോൾകീപ്പർ കൈയിലൊതുക്കി. ലോകകപ്പിൽ നാല് വ്യത്യസ്ത ടൂർണമെന്റുകളിൽ ബ്രസീലിന്റെ 10ാം നമ്പർ ജഴ്സി അണിയുന്ന ആദ്യ താരമെന്ന നേട്ടം നെയ്മർ സ്വന്തമാക്കി.മതേയൂസ് കുൻഹയുടെ പകരക്കാരനായാണ് നെയ്മർ കളത്തിലിറങ്ങുന്നത്. എന്നാൽ, ആരാധകരെ ആവേശത്തിലാക്കുന്ന നീക്കങ്ങളൊന്നും താരത്തിന് സൃഷ്ടിക്കാനായില്ല. ഫൈനൽ വിസിലിനു പിന്നാലെ താരം കണ്ണീരണിയുന്നതാണ് കണ്ടത്. ഗ്രൗണ്ടിലുണ്ടായിരുന്ന പങ്കാളി ബ്രുണ ബിയാൻകാർഡിയുടെയും തന്റെ കുഞ്ഞ് മകളുടെയും അടുത്തേക്കാണ് നെയ്മർ നേരെ പോയത്. നെയ്മർ വാം-അപ്പ് ചെയ്യാൻ തുടങ്ങിയതുമുതൽ തന്നെ സ്റ്റേഡിയത്തിലെ ബ്രസീൽ ആരാധകർ അദ്ദേഹത്തിന്റെ പേര് ആവേശത്തോടെ ഏറ്റു വിളിക്കുന്നുണ്ടായിരുന്നു. നീണ്ട പരിക്ക് കാരണം നെയ്മറിന്‍റെ കരിയർ തന്നെ അവസാനിക്കുമോ എന്ന് ഫുട്ബാൽ ലോകം ആശങ്കപ്പെട്ടിരുന്നു. നെയ്മറിന്റെ തിരിച്ചുവരവ് ഇനിയുള്ള മത്സരങ്ങളിൽ ബ്രസീൽ ടീമിന് വലിയ ആത്മവിശ്വാസം നൽകും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോക്കെതിരെ താളം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന ബ്രസീലിനെ അല്ല ബാക്കിയുള്ള രണ്ടു മത്സരങ്ങളിൽ കണ്ടത്. കൂടുതൽ ഒത്തിണക്കത്തോടെയാണ് ഹെയ്തിക്കെതിരെയും സ്കോട്ടിഷുകാർക്കെതിരെയും പന്തുതട്ടിയത്. സ്കോട്ട്ലൻഡിനെതിരെ 3-0ത്തിന് ആധികാരിക വിജയവുമായാണ് കാനറികൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തിയത്. സൂപ്പർതാരം വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുമായി തിളങ്ങി. മതേയൂസ് കുൻഹയാണ് ടീമിന്‍റെ മൂന്നാം ഗോൾ നേടിയത്. മഞ്ഞപ്പടയുടെ മിന്നലാക്രമണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന സ്കോട്ടിഷ് പ്രതിരോധത്തെയാണ് മൈതാനത്ത് കണ്ടത്. ഏഴാം മിനിറ്റിലാണ് വിനീഷ്യസിലൂടെ കാനറികൾ ആദ്യം ലീഡെടുക്കുന്നത്. സ്കോട്ടിഷ് പ്രതിരോധതാരം സ്കോട്ട് മക്‌കെന്നയുടെ പിഴവിൽനിന്നായിരുന്നു ഗോൾ. മക്‌കെന്നയുടെ ഷോട്ട് റയാൻ ഇന്‍റർസെപ്റ്റ് ചെയ്തതോടെ പന്ത് വിനീഷ്യസിന്‍റെ മുന്നിലേക്ക്, മുന്നിൽ സ്കോട്ടിഷ് ഗോൾകീപ്പർ ആംഗസ് ഗൺ മാത്രം. ഗോളിയെ കബളിപ്പിച്ച് താരം പന്ത് വലയിലാക്കി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+3) വിനീഷ്യസ് ബ്രസീലിന്‍റെ ലീഡ് ഉയർത്തി. 60ാം മിനിറ്റിൽ മതേയൂസ് കുൻഹയിലൂടെ ബ്രസീൽ മൂന്നാംഗോൾ നേടി.





