പ്രായം വെറും അക്കം; ലോകകപ്പ് റെക്കോഡുകൾ പഴങ്കഥയാക്കി മെസ്സിയുടെ ജൈത്രയാത്ര

അർജന്റീന കുപ്പായത്തിൽ ലയണൽ മെസ്സിയുടെ ചരിത്രക്കുതിപ്പ് തുടരുന്നു. ഫിഫ ലോകകപ്പിൽ ഇതിഹാസ താരം വീണ്ടും പുതിയ റെക്കോഡുകൾ തന്റെ പേരിൽ തിരുത്തിക്കുറിച്ചു. 2026 ലോകകപ്പിൽ കളത്തിലിറങ്ങിയതോടെ ആറ് ലോകകപ്പുകളിൽ (2006-2026) പന്തുതട്ടുന്ന ഫുട്ബാൾ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം താരമായി മെസ്സി മാറി. 31 ലോകകപ്പ് മത്സരങ്ങളിൽ നിന്നായി 2,400-ലധികം മിനിറ്റുകൾ ചിലവഴിച്ച മെസ്സിയാണ് ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. നേരത്തെ അൽജീരിയക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയതോടെ, ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ (39 വയസ്സ്) താരം എന്ന അത്യപൂർവ നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. സ്വിറ്റ്സർലൻഡിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ 15 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവും മെസ്സി തന്റെ പേരിലാക്കി. 2006-ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ മെക്സിക്കോയ്‌ക്കെതിരായ പ്രീക്വാട്ടർ മത്സരത്തിൽ പകരക്കാരനായാണ് നോക്കൗട്ട് റൗണ്ടുകളിൽ മെസ്സിയുടെ തുടക്കം. ആ ടൂർണമെന്റിലെ ക്വാർട്ടർ പോരാട്ടത്തിൽ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 2014-ലെ ബ്രസീൽ ലോകകപ്പിലും 2022-ലെ ഖത്തർ ലോകകപ്പിലുമാണ് മെസ്സി ഏറ്റവും കൂടുതൽ നോക്കൗട്ട് മത്സരങ്ങൾ (നാല് വീതം) കളിച്ചത്. ജൂലൈ 15-ന് ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ബൂട്ടണിയുന്നതോടെ നോക്കൗട്ട് മത്സരങ്ങളുടെ എണ്ണം 16 ആയി ഉയരും. സ്വിറ്റ്സർലൻഡിനെതിരെ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി ഈ അർജന്റീനിയൻ നായകൻ പിന്നിട്ടു. അലക്സിസ് മാക് അലിസ്റ്റർ ഹെഡ്ഡറിലൂടെ നേടിയ ആദ്യ ഗോളിന് വഴിയൊരുക്കിയ കോർണർ കിക്കിലൂടെ തന്റെ ലോകകപ്പ് കരിയറിലെ 11-ാം അസിസ്റ്റ് അദ്ദേഹം കുറിച്ചു. ഇതോടെ ജർമൻ ഇതിഹാസം ഫ്രിറ്റ്സ് വാൾട്ടറെ മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന താരമെന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. 39-ാം വയസ്സിലും ലോകകപ്പ് റെക്കോഡ് പുസ്തകങ്ങൾ തിരുത്തിയെഴുതുന്ന മെസ്സി, ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യാന്തര കരിയറുകളിലൊന്നിന് പുതിയ അധ്യായങ്ങൾ തുന്നിച്ചേർക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button