മോദിയുടെ കാല്‍ കഴുകി വെള്ളം കുടിക്കണം, അദ്ദേഹം വിഷ്ണുവിന്റെ അവതാരം’; ബോളിവുഡ് നടന്റെ പരാമര്‍ശം വിവാദത്തില്‍
‘
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്ന് ബോളിവുഡ് നടന്‍ സുദേഷ് ബേരി. നരേന്ദ്ര മോദി ഒരു സാധാരണ മനുഷ്യനല്ലെന്നും വിഷ്ണുവിന്റെ അവതാരമാണെന്നും ബേരി പറഞ്ഞു. ‘Accompany Akki’ പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ബേരിയുടെ പരാമര്‍ശം.’നമ്മള്‍ ദൈവത്തെ ആരാധിക്കുന്നത് ആ ദൈവത്തെ കണ്ടിട്ടല്ല. അതുപോലെ തന്നെയാണ് എനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എനിക്ക് അദ്ദേഹത്തിന്റെ കാല്‍ കഴുകി ആ വെള്ളം കുടിക്കണം. അദ്ദേഹം ഒരു സാധാരണ മനുഷ്യനല്ല, ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണ്. ഇന്ത്യയെ അദ്ദേഹം രാമനോട് അടുപ്പിക്കുന്നു,’ എന്നുമായിരുന്നു ബേരിയുടെ പരാമര്‍ശം. മോദിയെ എല്ലാവരും വിമര്‍ശിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ബേരി പറഞ്ഞു. വിമര്‍ശിക്കുന്നവരോടാണ്, നിങ്ങളോടെല്ലാം അദ്ദേഹം എന്താണ് ചെയ്തത്. ചായ വിറ്റുകൊണ്ടാണ് അദ്ദേഹത്തിന്റെ തുടക്കം. ഇന്ന് അദ്ദേഹം ഇന്ത്യയെ ലോകമെമ്പാടും പ്രശസ്തമാക്കി. മോദിയെ താന്‍ ഒരുപാട് ബഹുമാനിക്കുന്നുവെന്നും സുദേഷ് ബേരി പറഞ്ഞു. സുദേഷ് ബേരിരാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരെ 38 ദിവസം നീണ്ടുനിന്ന ജന്തര്‍ മന്തറിലെ സമരത്തിന് നേതൃത്വം നല്‍കിയ കോക്രോച്ച് ജനത പാര്‍ട്ടിയെ അധിക്ഷേപിച്ചും ബേരി സംസാരിച്ചു.ജന്തര്‍ മന്തറിലിരുന്ന് പുതിയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നവര്‍ ഈ രാജ്യത്തിനായി ഒന്നും തന്നെ ചെയ്യുന്നില്ല. ആ സമയം കുട്ടികള്‍ക്കോ വൃദ്ധസദനങ്ങള്‍ക്കോ വേണ്ടി എന്തെങ്കിലും ചെയ്യൂ. അത്തരം പ്രവൃത്തികള്‍ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. സിജെപിയെ പോലുള്ള സംഘടനകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നവരാണ്. അവര്‍ക്ക് പിന്നില്‍ ചില വ്യവസായികളുണ്ടെന്നും ബേരി ആരോപിച്ചു. സിജെപിയില്‍ ചേരാന്‍ ചിലര്‍ തന്നെ സമീപിച്ചിരുന്നുവെന്നും ബേരി വെളിപ്പെടുത്തി. എന്നാല്‍ അവരുടെ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായും സിജെപിക്കൊപ്പം ചേരാന്‍ തനിക്ക് താത്പര്യമില്ലെന്നും ബേരി പറഞ്ഞു. വര്‍ഗവും വിലയുമില്ലാത്തവരാണ് സിജെപിയിലുള്ളതെന്നും ബേരി അധിക്ഷേപിച്ചു. സംഭവം വിവാദമായതോടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ ‘അന്ധഭക്തന്‍’ ബേരിയെ പോലുള്ളവരാണെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.





