തുറന്നപ്പോള്‍ ഉള്ളില്‍ ചാരവും എല്ലിന് കഷണങ്ങളും! കക്കയത്ത് ദുരൂഹ സാഹചര്യത്തിൽ ബിരിയാണി ചെമ്പ്
കക്കയം: കക്കയത്ത് മുപ്പതാം മൈലില്‍ ദുരൂഹ സാഹചര്യത്തില്‍ ബിരിയാണി ചെമ്പ് കണ്ടെത്തി. ചെമ്പിനകത്തുനിന്നും ചാരവും എല്ലിന് കഷണങ്ങളും കണ്ടെടുത്തിയതോടെ നാട്ടുകാര്‍ കൂരാച്ചുണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബിരിയാണി ചെമ്പ് പുതിയതാണ്. ബിരിയാണി ചെമ്പ് കെട്ട് കമ്പികൊണ്ട് കെട്ടിയ നിലയിലായിരുന്നു. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ ഉള്ളില്‍ നിറയെ ചാരമായിരുന്നു. ഒപ്പം ചില എല്ലിന് കഷണങ്ങളുമാണുള്ളത്. ഇത് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമേ ഇത് മനുഷ്യന്റേതാണോ അതോ മൃഗത്തിന്റേതാണോയെന്ന് വ്യക്തമാകൂ.
ബിരിയാണി ചെമ്പിലെ സ്റ്റിക്കറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സുല്‍ത്താന്‍ ബത്തേരിയിലെ കടയില്‍ നിന്ന് വാങ്ങിയതാണെന്ന് കണ്ടെത്തി. ആരാണ് ഈ ബിരിയാണി ചെമ്പ് കൊണ്ടിട്ടതെന്ന് കൂരാച്ചുണ്ട് പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.





