ഭാര്യക്ക് മുഖക്കുരുവിനാണ് ക്രീം കുറിച്ചുനൽകിയത്, പൊള്ളലടക്കം ബുദ്ധിമുട്ടുകളുണ്ടായി’; ഡോ. ബാലകൃഷ്ണൻ നായർക്കെതിരെ കൂടുതൽ പരാതികൾ
‘
മലപ്പുറം: വിവാദമായ എഫ് -ട്യൂൺ ക്രീം കുറിച്ച് നൽകിയ ഡോക്ടർ ബാലകൃഷ്ണൻ നായർക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്ത്. 2016 ൽ സമാനമായ മറ്റൊരു ക്രീം കുറിച്ച് നൽകിയതായി മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവ് മീഡിയവണിന്നോട് പറഞ്ഞു. ഭാര്യക്ക് വേണ്ടി ഫൈസ എന്ന ക്രീമാണ് ഡോക്ടർ നിർദേശിച്ചത് . പ്രശ്നങ്ങൾ കണ്ടതിന് പിന്നാലെ മറ്റൊരു ഡോക്ടറേ സമീപിച്ചപ്പോൾ ഈ ക്രീം ഉപയോഗിക്കാൻ പാടില്ലെന്ന് പറഞ്ഞതായും യുവാവ് പറയുന്നു.2015–2016 കാലഘട്ടത്തിൽ ഭാര്യയുടെ പ്രസവശേഷം മുഖത്തുണ്ടായ കുരുക്കൾ മാറ്റുന്നതിനായി ചികിത്സ തേടിയപ്പോഴാണ് ഡോ. എസ്.ആർ. ബാലകൃഷ്ണൻ നായർ സമാനമായ മറ്റൊരു ക്രീം നിർദേശിച്ചത്. ക്രീം ഉപയോഗിച്ചതിനു പിന്നാലെ മുഖത്ത് ബുദ്ധിമുട്ടുകളും, പൊള്ളലേറ്റതുപോലെയുള്ള അവസ്ഥയും, കുരുക്കൾ കൂടി വരുന്ന സാഹചര്യവും ഉണ്ടായി. മുഖത്ത് കുഴികൾ രൂപപ്പെട്ടതായും ഇപ്പോൾ വേറെ ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്നും യുവാവ് പറയുന്നു. പിന്നീട് മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും സാധാരണയായി ഇത്തരം ക്രീമുകൾ നൽകാറില്ലെന്നും വ്യക്തമാക്കി.വിവാദ എഫ് ട്യൂണ്‍ ക്രീമിനെ ന്യായീകരിച്ച് സ്കിൻ സ്പെഷ്യലിസ്റ്റായ ബാലകൃഷ്ണൻ നായര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. പത്ത് വർഷമായി ക്രീം കുറിച്ചു നൽകുന്നുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടെന്ന വാർത്ത വന്നതിന് ശേഷമാണ് ക്രീമിനെ ന്യായീകരിച്ച് ഡോക്ടർ സംസാരിച്ചത്. മലപ്പുറത്തെ വിവിധ ക്ലിനിക്കുകളിൽ നിന്ന് നൂറുകണക്കിന് രോഗികള്‍ക്കാണ് ഡോക്ടർ, ക്രീം കുറിച്ച് നൽകിയത്.ഇതിനിടെ പ്രശ്നങ്ങള്‍ പറഞ്ഞവരുടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ഡോക്ടര്‍ പണം നല്‍കുന്നുമുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നറിയാന്‍ ടെസ്റ്റ് ചെയ്തോളൂ എന്ന് പറഞ്ഞാണ് പണം കൊടുത്തത്. അതേസമയം ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സമീപത്തെ മെഡിക്കൽ ഷോപ്പുകളിൽ ഈ ക്രീം എത്തിച്ചിരുന്നതെന്നും, ഇതിന് കൃത്യമായ ബില്ലുകളോ ലൈസൻസോ സംബന്ധിച്ച വ്യക്തതയോ ഇല്ലാതെ മാറ്റി വെച്ചാണ് നൽകിയിരുന്നതെന്നും ആരോപണമുണ്ട്.വിവാദങ്ങൾ ഉയർന്ന ഘട്ടത്തിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാർ ആശങ്ക പങ്കുവെച്ചപ്പോൾ, ക്രീം കൊണ്ട് പ്രശ്നങ്ങളില്ലെന്നും അതൊക്കെ താനേ മാറിക്കൊള്ളുമെന്നും ഡോക്ടർ നിസ്സാരമായി മറുപടി നൽകിയതായും പറയുന്നു.മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിൽ കടുത്ത ആരോഗ്യ മുന്നറിയിപ്പും നിയമനടപടികളും നേരിടുന്ന ഫെയർനെസ്/ബ്യൂട്ടി ക്രീമാണ് എഫ് ട്യൂൺ ക്രീം. ഇത് ഉപയോഗിച്ച മലപ്പുറം സ്വദേശിയായ യുവതിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ട സംഭവത്തെത്തുടർന്നാണ് പൊലീസും ഡ്രഗ്സ് കൺട്രോൾ വകുപ്പും അന്വേഷണം ശക്തമാക്കിയത്.





