പിതാവിന്റെ പാതയിൽ മകനും; ഇരട്ട ഗോൾ നേട്ടത്തിന് പിന്നാലെ ‘മൗ’ ആഘോഷവുമായി ക്രിസ്റ്റ്യാനോ ജൂനിയർ
റിയാദ്: ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും പുതിയ ആഘോഷരീതിയായ ‘മൗ’ അനുകരിച്ച് മകൻ ക്രിസ്റ്റ്യാനോ ജൂനിയർ. റോമൻ അക്കങ്ങളിൽ എം എന്ന് എഴുതുന്ന രീതിയിൽ കൈവിരലുകൾ താഴോട്ട് പിടിച്ച് ‘മൗ’ എന്ന് നീളത്തിൽ ആർപ്പുവിളിച്ച് ഗോൾ ആഘോഷിക്കുന്ന രീതിയാണ് മകനും പിന്തുടർന്നത്. അൽ-ഇത്തിഹാദിനെതിരെ അൽ-നസ്റിന്റെ അണ്ടർ-17 ടീമിനായി ഇരട്ടഗോൾ നേടിയ ശേഷമാണ് 16-കാരൻ, പിതാവ് അടുത്തകാലത്തായി തുടരുന്ന പ്രത്യേക ആംഗ്യവും ശബ്ദവും മൈതാനത്ത് പുനരാവിഷ്കരിച്ചത്. സൗദി അണ്ടർ-17 മത്സരത്തിൽ അൽ-ഇത്തിഹാദിനെതിരെ 2-2ന് സമനിലയിൽ പിരിഞ്ഞ കളിയിൽ അൽ-നസ്റിന്റെ രണ്ട് ഗോളുകളും നേടിയത് റൊണാൾഡോ ജൂനിയറായിരുന്നു. 14-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനുള്ളിൽ ലഭിച്ച പന്ത് വലങ്കാലുകൊണ്ട് വലയിലെത്തിച്ച് താരം ടീമിന് ലീഡ് നേടികൊടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തകർപ്പൻ ഡയറക്ട് ഫ്രീകിക്കിലൂടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, രണ്ട് ഗോളിന്റെ ലീഡ് നിലനിർത്താൻ അൽ-നസ്റിന് സാധിച്ചില്ല. ശക്തമായി തിരിച്ചടിച്ച അൽ-ഇത്തിഹാദ് സമനില പിടിച്ചുവാങ്ങി.
രണ്ടാം ഗോൾ നേടിയതിന് പിന്നാലെ കൈകൾ കൊണ്ട് എം ആകൃതി കാണിച്ച ക്രിസ്റ്റ്യാനോ ജൂനിയർ, റൊണാൾഡോയുടെ പുതിയ ‘മൗ’ ആഘോഷം അനുകരിക്കുകയായിരുന്നു. 2026 നവംബറിലാണ് അൽ-നസ്റിനായി കളിക്കുമ്പോൾ റൊണാൾഡോ ഈ പുതിയ ആഘോഷം അവതരിപ്പിച്ചത്. 2010 ജൂൺ 17-ന് സാൻ ഡിയാഗോയിൽ ജനിച്ച റൊണാൾഡോ ജൂനിയർ, പിതാവ് കളിച്ച പ്രമുഖ ക്ലബ്ബുകളുടെ അക്കാദമികളിലൂടെയാണ് വളർന്നത്. റയൽ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവിടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് അൽ-നസ്റിന്റെ യൂത്ത് ടീമിലെത്തിയത്. പോർച്ചുഗലിന്റെ യൂത്ത് ടീമുകളിലും താരം മികച്ച മുന്നേറ്റം നടത്തി വരികയാണ്. അണ്ടർ-15, അണ്ടർ-16 ടീമുകൾക്കായി 13 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ ജൂനിയറിന് നവംബർ 3-ന് ആദ്യമായി അണ്ടർ-17 ടീമിലേക്കും വിളിയെത്തി. നവംബർ 11-ന് അൻഡോറയ്ക്കെതിരെ പോർച്ചുഗൽ 4-0ന് ജയിച്ച മത്സരത്തിൽ 73-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ താരം അരങ്ങേറ്റത്തിൽ തന്നെ ഗോളിനടുത്തെത്തിയിരുന്നു.





