ഉറക്കം ഉണർന്നപ്പോൾ കണ്ടത് അപ്രതീക്ഷിത ഇ-മെയിൽ; ഞെട്ടലിൽ ജീവനക്കാർ, നടന്നത് കൂട്ടപിരിച്ചുവിടൽ

ടെക് ലോകത്ത് ആശങ്കയുടെ നാളുകളാണ് കടന്നുപോവുവന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാത്രം ആയിരങ്ങളാണ് പിരിച്ചുവിടപ്പെട്ടത്. പ്രമുഖ സോഷ്യൽ മീഡിയ ഭീമനായ മെറ്റ വീണ്ടും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ച‌തായാണ് പുതിയ റിപ്പോർട്ട്. ആഗോളതലത്തിൽ മെറ്റയുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാനായി കമ്പനി തുടക്കമിട്ടിരിക്കുകയാണ്. തീരുമാനം എകദേശം 8,000 പേരുടെ ജോലിയെ ബാധിക്കും. സിംഗപ്പൂരിലെ മെറ്റ ഹബിലുള്ള ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ ജോലി നഷ്ടമായത്. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 4 മണിക്ക് (ഇന്ത്യൻ സമയം പുലർച്ചെ 1.30) ജീവനക്കാരുടെ ഇൻബോക്സുകളിൽ എത്തിയ ഇമെയിലുകൾ വഴിയാണ് പിരിച്ചുവിടൽ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ബ്രിട്ടൻ, യു.എസ് എന്നിവിടങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും ജീവനക്കാർക്കും പിരിച്ചുവിട്ടതായുള്ള വിവരം ലഭിക്കുമെന്നാണ് റിപ്പോർട്ട്. മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഈ വർഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് ഈ കൂട്ടപ്പിരിച്ചുവിടൽ. മറ്റ് 7,000 ജീവനക്കാരെ പുതിയ എഐ പദ്ധതികളിലേക്ക് പുനർനിയമിക്കുമെന്നും അറിയിച്ചിരുന്നു. മനുഷ്യർ ചെയ്യുന്ന ജോലികൾ നിർവഹിക്കാൻ കഴിയുന്ന എഐ ഏജന്റുകളെ വികസിപ്പിക്കുകയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. എഐ നിക്ഷേപങ്ങൾ വൻതോതിൽ വർധിപ്പിക്കുകയാണ് കമ്പനി. ഈ ആഴ്ച വർക്ക് ഫ്രം ഹോം ചെയ്യാൻ കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് (HR) വിഭാ​ഗം ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എഐ പരിശീലനത്തിനായി തങ്ങളുടെ ഡാറ്റ ട്രാക്ക് ചെയ്യാനുള്ള മെറ്റയുടെ പുതിയ പ്രോഗ്രാം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി തയാറാക്കിയിരുന്നതായി ജീവനക്കാരും വ്യക്തമാക്കുന്നു. എൻജിനീയറിങ്, പ്രോഡക്ട് ടീമുകളെയാണ് ഈ പിരിച്ചുവിടൽ കൂടുതലായി ബാധിക്കുക. ഈ വർഷം അവസാനത്തോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കുമെന്ന സൂചനയും റിപ്പോർട്ടുകളിലുണ്ട്. പല ജീവനക്കാരും ജോലി നഷ്ടപ്പട്ട വിവരമറിഞ്ഞ് മാനസിക പ്രയാസത്തിലാണ്. ജീവിതം തന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് പലരും പറയുന്നു. ശമ്പളം ലഭിക്കുമോ എന്ന് അറിയാത്തതിനാൽ ഭാവികാര്യം പോലും ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. ആഴ്ചാവസാനത്തോടെ ജോലി നഷ്ടപ്പെട്ടേക്കാം എന്ന ആശങ്കയിൽ, ചില ജീവനക്കാർ ഓഫീസുകളിൽ നിന്ന് സൗജന്യ ഭക്ഷണങ്ങളും ലാപ്ടോപ്പ് ചാർജറുകളും മറ്റും ശേഖരിച്ചുവെച്ചു എന്നും ജീവനക്കാർ പറയുന്നു. പല ഐടി കമ്പനികളും പിരിച്ചുവിടലുകൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യകളിലേക്ക് മാറുന്നതിന്റെ ഭാഗമായി ആമസോൺ, കോഗ്നിസന്റ്, ഒറാക്കിൾ, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്രമുഖ കമ്പനികൾ അടുത്തിടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിൽ ‘അപ്ലൈഡ് എഐ എഞ്ചിനീയറിംങ്’, ‘ഏജന്റ് ട്രാൻസ്ഫോർമേഷൻ ആക്സിലറേറ്റർ എക്സ്എഫ്എൻ’ എന്നിവയും ഉൾപ്പെടുന്നു. മെറ്റയുടെ എഐ ഫോർ വർക്ക്” ശ്രമങ്ങളുടെ ഭാഗമായി ചീഫ് ടെക്നോളജി ഓഫീസർ ആൻഡ്രൂ ബോസ്വെർത്ത് നേരത്തെ പ്രഖ്യാപിച്ച രണ്ട് ടീമുകളാണിവ. ആളുകൾ ജോലി കണ്ടെത്താൻ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇനിലെ ജീവനക്കാരുടെ ജോലിതന്നെ അനിശ്ചിതത്വത്തിലാണ്. കാലിഫോർണിയയിലെ 600ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് അറിയിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിക്കുന്നത് മൗണ്ടൻ വ്യൂ ആസ്ഥാനത്താണ്. ലിങ്ക്ഡ്ഇനിന്റെ ആഗോള തൊഴിലാളികളുടെ ഏകദേശം അഞ്ച് ശതമാനത്തോളം പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button