ഒന്നര വയസുകാരൻ മരിച്ചതിൽ ദുരൂഹത, രണ്ടാനച്ഛനെതിരെ പരാതി; ശരീരത്തിൽ മർദനമേറ്റ പാടുകൾ
നെടുങ്ങാട്: തിരുവനന്തപുരത്ത് ഒന്നര വയസുകാരൻ മരിച്ചതിൽ ദൂരൂഹത. ഇൻക്വസ്റ്റ് നടപടികളിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ഇന്നലെയാണ് നെടുമങ്ങാട് കരിക്കുഴി സ്വദേശി അർഷിദ് മരിച്ചത്. രണ്ടാനച്ഛൻ അർഷിദിനെ മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ മൊഴി നൽകി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് രണ്ടാനച്ഛൻ മൊഴി നൽകിയത്. ഇന്നലെ ഉച്ചയോടെയാണ് ആഹാരം കഴിക്കുന്നതിനിടെ ഛർദിച്ചെന്ന് കാണിച്ച് കുട്ടിയെ രണ്ടാനച്ഛൻ അഷ്കർ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ രക്ഷിക്കാനായില്ല. ചോറ് കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ ബന്ധുക്കളാണ് അഷ്കറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. പരാതി ശരിവെക്കുന്ന തരത്തിലുള്ള ഇൻക്വസ്റ്റ് റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്.





