തീ വിഴുങ്ങുമ്പോൾ സെൻസർ ഗേറ്റുകൾ വില്ലനായി; കത്തിയമർന്ന ഹോട്ടലിൽനിന്ന് പുറത്തിറങ്ങാനാവാതെ ദാരുണാന്ത്യം
ന്യൂഡൽഹി: കെട്ടിടത്തിന്റെ ശാസ്ത്രീയമല്ലാത്ത രൂപകൽപനയും ഗുരുതരമായ നിയമലംഘനങ്ങളുമാണ് 21 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ദുരന്തം നടക്കുമ്പോൾ കെട്ടിടത്തിലെ സെൻസർ ഗേറ്റുകളുടെ പ്രവർത്തനം നിലച്ച് അവ തനിയെ ലോക്കാവുകയും ഗ്ലാസ് ജനലുകൾ പൂർണമായും സീൽ ചെയ്ത നിലയിലാവുകയും ചെയ്തത് നിരവധി പേർക്ക് രക്ഷപ്പെടാനുള്ള മാർഗം ഇല്ലാതാക്കി. കേവലം ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (ബി ആൻഡ് ബി) ലൈസൻസിൽ പ്രവർത്തിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിൽ, നിബന്ധനകൾ കാറ്റിൽപറത്തി ബേസ്മെന്റും ടെറസും ഉൾപ്പെടെ 25 മുറികളാണ് ഒരുക്കിയിരുന്നത്. പരിധിക്കപ്പുറം ആളുകളെ താമസിപ്പിച്ചതും പുറത്തേക്ക് കടക്കാൻ ഒരേയൊരു ഇടുങ്ങിയ വഴി മാത്രം ഉണ്ടായിരുന്നതും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് സമീപമുള്ള ഈ ഹോട്ടലിൽ ചികിത്സക്കായി ഡൽഹിയിലെത്തിയ വിദേശികളും രോഗികളുടെ സഹായികളുമായിരുന്നു താമസിച്ചിരുന്നവരിൽ ഭൂരിഭാഗവും. ബുധനാഴ്ച രാവിലെ എട്ടരയോടെ അടുക്കളയിലെ ഉപകരണത്തിന്റെ പ്ലഗിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടും തുടർന്നുള്ള പൊട്ടിത്തെറിയുമാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നിമിഷങ്ങൾക്കകം പുക കെട്ടിടത്തെ പൂർണമായി വിഴുങ്ങി. പ്രദേശവാസികൾ കല്ലും ചുറ്റികയും ഉപയോഗിച്ച് ജനലുകളും പ്രധാന ഗേറ്റും തകർത്താണ് ആദ്യഘട്ട രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷപ്പെടാനായി ചിലർ മുകൾനിലകളിൽ നിന്ന് ചാടി. പരിസരത്തുള്ളവർ നിലത്ത് ബെഡുകൾ വിരിച്ചും പുതപ്പുകൾ വലിച്ചുപിടിച്ചും നിരവധി പേരെ രക്ഷപ്പെടുത്തി.





