വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പിന്, നഷ്ടപരിഹാരം വേഗത്തിലാക്കാൻ നടപടി -ഷിബു ബേബി ജോൺ
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. നഷ്ടപരിഹാരം വേഗത്തിൽ നൽകാനുള്ള നടപടിയുണ്ടാകും. വയനാട്ടിൽ, ഒരു കടുവക്ക് 20 സ്ക്വയർ കിലോമീറ്റർ ടെറിട്ടറിയാണ് വേണ്ടത്. എന്നാൽ, ഇവിടെ നാല് സ്ക്വയർ കിലോമീറ്റർ ടെറിട്ടറി മാത്രമാണ് ഇപ്പോഴുള്ളത്. ഇതാണ് അവിടെ കടുവ ശല്യം ഇത്രത്തോളം വർധിക്കാൻ കാരണം.വനത്തിനകത്തോ പുറത്തോ വെച്ച് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒരു വ്യക്തി മരിച്ചാൽ അതിന്റെ ധാർമികമായ ഉത്തരവാദിത്വം വനംവകുപ്പിനായിരിക്കും. 2000 ൽപരം കിലോമീറ്ററാണ് സോളാർ വേലി സ്ഥാപിച്ചിട്ടുള്ളത്. 100 ദിവസം കൊണ്ട് അത് 2500 കിലോമീറ്ററാക്കി വർധിപ്പിക്കും. തുടർന്ന് ഈ വർഷം 3000 കിലോമീറ്ററാക്കി വർധിപ്പിക്കും.സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് അടക്കമുള്ള വിഷയങ്ങൾ വീക്ഷിക്കാനുള്ള ഒരു സെൻട്രലൈസ്ഡ് പ്ലാറ്റ്ഫോം രൂപീകരിക്കും. ജനങ്ങൾക്കും കാണാവുന്ന സംവിധാനമായിരിക്കും അതെന്ന് മന്ത്രി വ്യക്തമാക്കി. കാട്ടുപന്നികളെ നിയന്ത്രിക്കാൻ ജൂൺ 15ന് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, അതിരപ്പിള്ളിയിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലാണ് കാട്ടാനയെത്തിയത്. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീട് സന്ദർശിക്കാൻ പോയതായിരുന്നു മന്ത്രി. ചാർപ്പ ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ റോഡിൽനിന്ന് തുരത്തി. വിഷയത്തിന് പ്രഥമപരിഗണന നൽകുമെന്നും കാര്യങ്ങൾ പഠിച്ച് ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ഈ മാസം 30ന് പുലർച്ചെ വൈശേരി സ്വദേശി മോഹനൻ കാട്ടാനയുടെ ആക്രമണത്തിൽ കൊലപ്പെട്ടു. വീട്ടുപറമ്പിൽ കൃഷി നശിപ്പിക്കുന്നതിനിടെ ആനയെ ഓടിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഉടൻ നാട്ടുകാർ മോഹനനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനംവകുപ്പിനാണെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിന് ദീർഘകാല പരിഹാരമാർഗമാണ് നോക്കുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു.





