പന്തീരാങ്കാവിലെ കെഎസ്ആർടിസിയുടെ നിയമലംഘനം; രണ്ട് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിലെ കെഎസ്ആർടിസി ബസിന്റെ നിയമലംഘനത്തിൽ നടപടി. ബസിലെ രണ്ട് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഡ്രൈവർ എ.ഗോഡ്വിൻ രാജ്, കണ്ടക്ടർ വി.എസ് ഷാ എന്നിവരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരം നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരാണ് ഇരുവരും. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണത്തെ തുടർന്നാണ് നടപടി. ഗുരുതരമായ ട്രാഫിക് നിയമ ലംഘനം നടത്തി എന്നാണ് കണ്ടെത്തൽ.കഴിഞ്ഞ നാലാം തിയതിയാണ് സംഭവം. ഫാസ്റ്റ് ടാഗിൽ പണമില്ലെന്ന് പറഞ്ഞാണ് കെഎസ്ആർടിസി ബസ് വൺവേ തെറ്റിച്ച് മൂന്ന് കിലോ മീറ്ററിലധികം യാത്ര ചെയ്തത്. ടോൾപ്ലാസയിൽ നിന്നാണ് ബസ് തിരിഞ്ഞു പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ദേശിയ പാത അതോറിറ്റി പൊലീസിനും മോട്ടോർ വാഹനവകുപ്പിനും കൈമാറിയിരുന്നു. തൊണ്ടയാട് നിന്നും ദേശീയപാത ബൈപ്പാസിലേക്ക് കയറിയ ബസ് ടോൾപ്ലാസയിൽ എത്തിയപ്പോൾ ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് മനസിലായതോടെ തിരിക്കുകയായിരുന്നു. റോഡിന് മധ്യത്തിലായുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് തിരികെ യാത്ര നടത്തിയത്. മറ്റ് വാഹനങ്ങളിലെ യാത്രക്കാർ പ്രതികരിച്ചതോടെ സ്ളോ ട്രാക്കിലേക്ക് പിന്നീട് മാറ്റുകയും ചെയ്തു. തുടർന്ന് സമീപമുള്ള എക്സിറ്റിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഗതാഗത കുരുക്കുണ്ടായി. ഇതിന് ശേഷം യാത്ര തുടർന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.





