നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു; സംസ്കാരം ചെന്നൈയിൽ

തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു. 85 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യം (പി.എസ് മണി) അന്തരിച്ച് കൃത്യം മൂന്ന് വർഷത്തിന് ശേഷമാണ് മാതാവിന്റെ വിയോഗം. 2023 മാർച്ച് 24നായിരുന്നു പിതാവിന്റെ വിയോഗം. അദ്ദേഹത്തിനും അന്ന് 85 വയസ്സായിരുന്നു. അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ ഭൗതികശരീരം ചെന്നൈ പലവാക്കത്തുള്ള താരത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വസതിയിൽ വെച്ച് തന്നെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. നിലവിൽ ദുബൈയിൽ ഉള്ള അജിത്ത് കുമാർ ഉടൻ ചെന്നൈയിലെത്തും. അജിത്തിന്റെ കുടുംബം വളരെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ്. അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യം (പി.എസ് മണി) പാലക്കാട് സ്വദേശിയും മാതാവ് മോഹിനി മണി കൊൽക്കത്ത സ്വദേശിനിയുമാണ്. അജിത്തിന് അനൂപ് കുമാർ, അനിൽ കുമാർ എന്നീ രണ്ട് സഹോദരന്മാർ കൂടിയുണ്ട്. തങ്ങളുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ മാതാപിതാക്കൾ നൽകിയ പിന്തുണയെക്കുറിച്ച് അജിത്ത് പല അഭിമുഖങ്ങളിലും അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. അജിത്തിന്റെ മാതാവിന്റെ നിര്യാണത്തിൽ കമൽ ഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അജിത്തിന്റെ പ്രിയപ്പെട്ട അമ്മയുടെ വേർപാടിൽ താൻ അങ്ങേയറ്റം ദുഃഖിതനാണെന്നും, ഈ പ്രയാസകരമായ സമയത്ത് അജിത്തിനും കുടുംബത്തിനും തന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അറിയിക്കുന്നതായും എം.കെ സ്റ്റാലിൻ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button