കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടൻ ആധാർ എടുക്കണം: സംസ്ഥാന ഐടി മിഷൻ
കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടൻ തന്നെ ആധാർ കാർഡിനായി അപേക്ഷിക്കണമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നൽകുന്ന നീല നിറത്തിലുള്ള ‘ബാൽ ആധാർ’ കാർഡുകൾക്കായാണ് അപേക്ഷിക്കേണ്ടത്. കുട്ടികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, സ്കൂൾ പ്രവേശനം എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം.കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാർ കാർഡും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാം. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിരലടയാളമോ കണ്ണ് സ്കാനിംഗോ (ബയോമെട്രിക്സ്) ഇതിനായി ശേഖരിക്കില്ല. പകരം മാതാപിതാക്കളുടെ ആധാർ വിവരങ്ങളുമായി ബന്ധിപ്പിച്ചാണ് കുട്ടിയുടെ കാർഡ് അനുവദിക്കുന്നത്.എന്നാൽ കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോഴും, പിന്നീട് പതിനഞ്ച് വയസ്സ് തികയുമ്പോഴും നിർബന്ധമായും ബയോമെട്രിക് വിവരങ്ങൾ പുതുക്കണമെന്നും ഐടി മിഷൻ ഓർമ്മിപ്പിച്ചു. ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളെയോ അംഗീകൃത ആധാർ എൻറോൾമെന്റ് സെന്ററുകളെയോ സമീപിക്കാവുന്നതാണ്





