പഞ്ചസാരയില്ലാതെ ചായ കുടിച്ചാൽ പ്രമേഹം വരാതിരിക്കുമോ? യാഥാർഥ്യം ഇതാണ്
പ്രമേഹം വരാതിരിക്കാൻ പഞ്ചസാര ഇടാതെ ചായ കുടിക്കുന്ന ആളുകൾ ഇന്ന് നമുക്ക് ചുറ്റും ധാരാളമാണ്. പഞ്ചസാര ഒഴിവാക്കിയാൽ മാത്രം പ്രമേഹത്തിൽ നിന്ന് രക്ഷപ്പെടാം എന്നൊരു മിഥ്യാ ധാരണ സമൂഹത്തിൽ പടർന്നുപിടിച്ചിട്ടുണ്ട്. ഇതൊരു തെറ്റായ പ്രവണതയാണെന്നാണ് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലെ എൻഡോക്രൈനോളജിസ്റ്റായ ഡോ. ഷെഹ്ല ഷെയ്ഖ് പറയുന്നത്. ഒരു തരി പഞ്ചസാര പോലും ഇടാതെ ചായ കുടിച്ചാലും നിങ്ങൾക്ക് പ്രമേഹം വരാമെന്ന് ഡോക്ടർ പറയുന്നു. പഞ്ചസാരയുടെ ഉപയോഗം കുറക്കുന്നത് നല്ലതാണ്. എന്നാൽ ഈ ശീലത്തെക്കാൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നത് മറ്റ് ചില ദൈനംദിന ശീലങ്ങളാണെന്ന് വിദഗ്ദർ പറയുന്നു. പ്രമേഹം എന്നത് പഞ്ചസാരയുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നല്ല. അത് ജീവിതശൈലി, ഇരുപ്പ്, ഉറക്കം, മാനസിക സമ്മർദ്ദം, മധുരമില്ലാത്തതാണെങ്കിൽ പോലും നിങ്ങൾ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾ എന്നിവയുമായെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു.ദീർഘ നേരം ഇരിക്കൽ: പുകവലിയേക്കാൾ അപകടകരം ഏതൊരു കോർപ്പറേറ്റ് ഓഫിസിൽ ചെന്നാലും കാണാൻ കഴിയുന്ന ഒന്നാണ് മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരിക്കുന്ന ആളുകൾ. ശരീരത്തിന് ഒട്ടും ചലനമില്ലാതെ, കാലുകൾ പോലും തറയിൽ ഉറപ്പിക്കാതെ ഇരിക്കുന്ന ഈ അവസ്ഥ ഇന്ന് സാധാരണമായിക്കഴിഞ്ഞു. എന്നാൽ ഈ ശീലം നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ പൂർണ്ണമായും തകിടം മറിക്കും. ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, ദിവസവും ഇരുന്ന് ജോലി ചെയ്യുന്ന ഓരോ അധിക മണിക്കൂറും പ്രമേഹ സാധ്യത 22% വർധിക്കുന്നു എന്നാണ്. കൂടുതൽ സമയം ഒരേയിരുപ്പ് ഇരിക്കുന്നത് ഹൃദ്രോഗങ്ങൾക്ക് വരെ കാരണമാകുന്നു. നിങ്ങൾ ദീർഘനേരം ഇരിക്കുമ്പോൾ പേശികൾക്ക് ചലനമില്ലാതാവുകയും അവ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് സ്വീകരിക്കുന്നത് നിർത്തുകയും ചെയ്യുന്നു. ഇതുകാരണം ഇൻസുലിൻ ശരിയായി പ്രവർത്തിക്കാതാകുന്നു. പാൻക്രിയാസിന്റെ അമിതാധ്വാനം: ശരീരം ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. ക്രമേണ നിങ്ങൾ മിഠായി പോലും തൊട്ടില്ലെങ്കിലും പോലും പ്രമേഹ രോഗിയാകും. ഇത്തരം നിഷ്‌ക്രിയമായ ജീവിതശൈലി പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവക്ക് കാരണമാകുമെന്നാണ് ഡോ. ഷെയ്ഖ് വ്യക്തമാക്കുന്നത്. ഓഫിസിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് പുകവലിക്ക് തുല്യമാണ്. ഉറക്കമില്ലായ്മയെന്ന വില്ലൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ തകർക്കുന്ന മറ്റൊരു വില്ലനുണ്ട്. ഉറക്കമില്ലായ്മ. ഫോൺ സ്ക്രോൾ ചെയ്തോ ജോലി ചെയ്തോ രാത്രി വൈകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേൽക്കുകയും ചെയ്യുന്നത് ആളുകൾ ശീലമാക്കി കഴിഞ്ഞു. കുറഞ്ഞ സമയം മാത്രം ഉറങ്ങുന്ന ആരോഗ്യവാന്മാരായ യുവാക്കളിൽ പോലും ഗ്ലൂക്കോസ് മെറ്റബോളിസത്തിൽ വലിയ വ്യതിയാനങ്ങൾ വരുന്നു എന്നാണ് പഠനങ്ങൾ വ്യകതമാക്കുന്നത്. ഉറക്കക്കുറവ് ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം കുറക്കുകയും, പകരം ‘കോർട്ടിസോൾ’ പോലുള്ള സ്ട്രെസ് ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇൻസുലിന്റെ പ്രവർത്തനം തടസപ്പെടുത്തും. മാനസിക സമ്മർദ്ദവും അതിന്റെ പ്രത്യാഘാതങ്ങളും തുടർച്ചയായ മാനസിക സമ്മർദ്ദം രക്തത്തിലേക്ക് നിരന്തരം കോർട്ടിസോൾ ഹോർമോൺ ഒഴിക്കുന്നതിന് തുല്യമാണ്. ഉയർന്ന കോർട്ടിസോൾ അളവ് കാരണം കരൾ കൂടുതൽ ഗ്ലൂക്കോസ് രക്തത്തിലേക്ക് വിടുന്നു. പ്രമേഹം വരാൻ തക്കവണ്ണം ഒന്നും കഴിച്ചിട്ടില്ലെങ്കിൽ പോലും, നിങ്ങളുടെ ശരീരം സ്വയം പ്രമേഹാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത 2 മുതൽ 3 മടങ്ങ് വരെ വർദ്ധിപ്പിക്കുമെന്നാണ് ഡോ. ഷെയ്ഖ് പറയുന്നത്. “ഷുഗർ ഫ്രീ” ഭക്ഷണങ്ങളുടെ ചതിക്കുഴികൾ ഒരു പാക്കറ്റിന് മുകളിൽ “ഷുഗർ ഫ്രീ” എന്ന് കാണുമ്പോൾ നമ്മൾ അത് സുരക്ഷിതമാണെന്ന് കരുതുന്നു. എന്നാൽ യഥാർഥത്തിൽ അതിൽ അടങ്ങിയിരിക്കുന്നത് ശുദ്ധീകരിച്ച മൈദ, പ്രോസസ്സ് ചെയ്ത എണ്ണകൾ, വീണ്ടും വീണ്ടും കഴിക്കാൻ തോന്നിക്കുന്ന ചില അഡിറ്റീവുകൾ എന്നിവയാണ്.”ഷുഗർ ഫ്രീ” അല്ലെങ്കിൽ “നോ ഷുഗർ ആഡഡ്” എന്ന് എഴുതിയിട്ടുണ്ടെങ്കിലും അതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളും കലോറിയും സാധാരണ ഭക്ഷണത്തിന് തുല്യമായിരിക്കും. ഇത്തരം “ആരോഗ്യപ്രദമായ” ബിസ്ക്കറ്റുകളിൽ നാരുകൾ ഒട്ടുമുണ്ടാകില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. യഥാർഥ പരിഹാരം എന്താണ്? ഡോ. ഷെയ്ഖ് പറയുന്നതനുസരിച്ച് പരിഹാരം അത്ര സങ്കീർണ്ണമല്ല: 7-8 മണിക്കൂർ നല്ല ഉറക്കം: കൃത്യമല്ലാത്ത ഉറക്കം പ്രമേഹസാധ്യത 40% മുതൽ 80% വരെ കൂട്ടാം. നല്ല ഉറക്കം പ്രമേഹത്തെ നിയന്ത്രിക്കും.വ്യായാമവും നടത്തവും: ഓരോ മണിക്കൂറിലും എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക. നല്ല ഭക്ഷണം: നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുക, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതൊന്നും പുതിയ കാര്യങ്ങളല്ല. എന്നാൽ പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നതുപോലെ എളുപ്പമല്ല. 10 മണിക്കൂർ സമ്മർദ്ദവും ഉറക്കമില്ലായ്മയുമായി “ഷുഗർ ഫ്രീ” ഭക്ഷണവും കഴിച്ച്, പഞ്ചസാരയില്ലാത്ത ചായ കുടിക്കുന്നത് പ്രമേഹത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കില്ല.





