മൺസൂൺ മറന്നേക്കൂ: രാജ്യത്ത് അടുത്ത 7 ദിവസത്തേക്ക് മഴ കുറയും; ജൂൺ 23 മുതൽ വീണ്ടും സജീവമാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് വ്യാപകമായി ലഭിക്കേണ്ട തെക്കുപടിഞ്ഞാറൻ മൺസൂൺ (ഇടവപ്പാതി) മഴ വരും ദിവസങ്ങളിൽ വലിയ തോതിൽ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വരും ആഴ്ചകളിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രതീക്ഷകൾക്ക് വിപരീതമായി ജൂൺ 21 വരെ മഴ താത്കാലികമായി നിലക്കുകയോ വളരെ ദുർബലമാകുകയോ ചെയ്യും. എന്നാൽ ജൂൺ 23-ഓടെ അന്തരീക്ഷ സാഹചര്യങ്ങൾ അനുകൂലമാകുകയും മൺസൂൺ വീണ്ടും ശക്തമായി തിരിച്ചെത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.മൺസൂൺ കാറ്റ് മധ്യ-കിഴക്കൻ ഇന്ത്യയിലെ പുതിയ പ്രദേശങ്ങളിലേക്ക് മുന്നേറുന്നുണ്ടെങ്കിലും മേഘങ്ങൾ രൂപപ്പെടുന്നതിനും മഴ പെയ്യുന്നതിനും ആവശ്യമായ അന്തരീക്ഷ സംവിധാനം നിലവിൽ ദുർബലമായതാണ് ഈ പ്രതിസന്ധിക്ക് കാരണം. ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്ത് വലിയ രീതിയിലുള്ള മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 4 മുതൽ ജൂൺ 15 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിലുടനീളം 64% മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ കാലയളവിൽ സാധാരണയായി 53.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 19.2 മില്ലീമീറ്റർ മഴ മാത്രമാണ് രാജ്യത്ത് പെയ്തത്.ജൂൺ 20-ന് ശേഷം അന്തരീക്ഷ ചലനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ 22 നും ജൂൺ 28 നും ഇടയിൽ, കർണാടകയുടെ ഉൾഭാഗം, ആന്ധ്രാപ്രദേശ്-കർണാടക അതിർത്തി പ്രദേശം, തെക്കൻ തമിഴ്‌നാട്, കേരളത്തിലെ പശ്ചിമഘട്ടം എന്നിവിടങ്ങളിൽ ഇടിമിന്നലോടെയുളള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 25-ഓടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും (കേരളം ഉൾപ്പെടെ) കിഴക്കൻ ഇന്ത്യയിലും മഴ വ്യാപകമായി പെയ്യാൻ തുടങ്ങുമെന്നുമാണ് കാലാവസ്ഥ പ്രവചനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button