ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായി ഇന്ത്യ മാറിയത് എങ്ങനെ?
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയാണെങ്കിലും നമ്മുടെ ക്ഷീരവിപ്ലവത്തിന്റെ തുടക്കം കടുത്ത പാൽക്ഷാമത്തിൽ നിന്നുമായിരുന്നു. രാവിലെ ഒരു കപ്പ് ചായ കുടിക്കാൻ പോലും വീട്ടിൽ വേണ്ടത്ര പാലില്ലാത്ത ഒരു കാലം. പനീറും നെയ്യും മുതൽ പായസവും ലസ്സിയും വരെ വീട്ടിൽ നിത്യേന ഉണ്ടാക്കുന്ന ഒരു നാട്ടിൽ അങ്ങനെയൊരു അവസ്ഥ കേൾക്കുമ്പോൾ തന്നെ അവിശ്വസനീയമായി തോന്നാം. എന്നാൽ ഒരു കാലത്ത് പാൽ ദൗർലഭ്യം നേരിട്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ലോകത്തിലെ മൊത്തം പാലിന്റെ ഏകദേശം നാലിലൊന്നും ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. 1998 മുതൽ ഈ ഒന്നാം സ്ഥാനം ഇന്ത്യ കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ ചരിത്രനേട്ടത്തിന്റെ വലിയൊരു പങ്കും ഇന്ത്യയുടെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യന് അവകാശപ്പെട്ടതാണ്. നവംബർ 26-ന് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ പാൽ ദിനമായി രാജ്യം ആചരിക്കുമ്പോൾ ഇന്ത്യയുടെ പാലുൽപ്പാദന ചരിത്രത്തെ അദ്ദേഹം എങ്ങനെയാണ് മാറ്റിമറിച്ചതെന്ന് നമുക്ക് പരിശോധിക്കാം. നമ്മളിൽ മിക്കവരും കുട്ടിക്കാലം മുതൽ കഴിച്ചു വളർന്ന ഒന്നാണ് അമുൽ വെണ്ണ. എന്നാൽ നമ്മുടെ ഫ്രിഡ്ജിൽ ഇരിക്കുന്ന ഉൽപ്പന്നങ്ങൾക്കപ്പുറം ഇന്ത്യക്ക് അമുൽ നൽകിയ ഏറ്റവും വലിയ സംഭാവന മറ്റൊന്നാണ്. ഗുജറാത്തിലെ ആനന്ദിൽ രൂപീകരിച്ച ക്ഷീര സഹകരണ മാതൃക പാൽ ഉൽപ്പാദകർക്ക് സ്വന്തം നിലയിൽ വ്യാപാരം നടത്താനുള്ള കരുത്ത് നൽകി. കർഷകർക്ക് തങ്ങളുടെ പാൽ കൂട്ടായി വിൽക്കാനും അത് സംസ്കരിച്ച് വിപണനം ചെയ്യാനും അതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വലിയൊരു വിഹിതം സ്വന്തം പോക്കറ്റിലേക്ക് എത്തിക്കാനും ഈ സംവിധാനം സഹായിച്ചു. അമുലിൽ സംഭവിച്ച മറ്റൊരു സുപ്രധാന മുന്നേറ്റം കൂടിയുണ്ട്. വർഗ്ഗീസ് കുര്യനോടൊപ്പം ചേർന്ന് ഹരിചന്ദ് മേഘ ദലയ എരുമപ്പാലിൽ നിന്ന് സ്കിംഡ് മിൽക്ക് പൗഡർ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. അതുവരെ നെസ്ലെ പോലുള്ള വൻകിട കമ്പനികൾ പശുവിൻപാലിനെയാണ് ആശ്രയിച്ചിരുന്നത്. എരുമപ്പാൽ ഉപയോഗിക്കാനുള്ള ഈ കണ്ടുപിടുത്തം അമുലിന് വലിയൊരു മുൻതൂക്കം നൽകി. ആനന്ദ് മാതൃകയുടെ വിജയം പിന്നീട് രാജ്യവ്യാപകമായ ഒരു വലിയ പരീക്ഷണത്തിന് വഴിയൊരുക്കി ഇതേ മാതൃക ഇന്ത്യ മുഴുവൻ വിജയിപ്പിക്കാൻ കഴിയുമോ എന്നതായിരുന്നു ആ ചോദ്യം. 1970 ജനുവരിയിൽ കുര്യന്റെ നേതൃത്വത്തിൽ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ‘ഓപ്പറേഷൻ ഫ്ലഡ്’ പദ്ധതിക്ക് തുടക്കമിട്ടു. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ യാത്ര ആരംഭിച്ചത് വേൾഡ് ഫുഡ് പ്രോഗ്രാം വഴി യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി സംഭാവനയായി നൽകിയ ക്ഷീരോൽപ്പന്നങ്ങളിൽ നിന്നായിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. സംഭാവനയായി ലഭിച്ച സ്കിംഡ് മിൽക്ക് പൗഡറും ബട്ടർ ഓയിലും വിറ്റ് ലഭിച്ച പണം ഉപയോഗിച്ചാണ് ഇന്ത്യ സ്വന്തമായി ക്ഷീര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്. ഗ്രാമങ്ങളിൽ താമസിക്കുന്ന ഒരു കർഷകനെ സംബന്ധിച്ച് എല്ലാ ദിവസവും പാൽ വാങ്ങാൻ ആളെ കണ്ടെത്തുന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. കർഷകർക്ക് സ്ഥിരമായ വിപണി ഉറപ്പാക്കിക്കൊണ്ട് സഹകരണ സംവിധാനം ഈ പ്രശ്നത്തിന് പരിഹാരമായി. 1996 വരെ നീണ്ടുനിന്ന ഓപ്പറേഷൻ ഫ്ലഡ് പദ്ധതിക്ക് വെറും രണ്ട് വർഷത്തിന് ശേഷം അമേരിക്കയെ പിന്നിലാക്കി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായി മാറി. ഈ വലിയ ആവശ്യം നിറവേറ്റാൻ കർഷകരുടെ അതിവിപുലമായ ഒരു ശൃംഖല തന്നെ ആവശ്യമാണ്. ഇന്ത്യയുടെ ക്ഷീര സഹകരണ ശൃംഖല ഇന്ന് ഏകദേശം 2.45 ലക്ഷം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്നു. ഉത്തർപ്രദേശും രാജസ്ഥാനുമാണ് രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദക സംസ്ഥാനങ്ങൾ. തൊട്ടുപിന്നിൽ മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുമുണ്ട്. ഈ അഞ്ച് സംസ്ഥാനങ്ങൾ ചേർന്ന് ഇന്ത്യയിലെ പകുതിയിലധികം പാൽ ഉൽപ്പാദിപ്പിക്കുന്നു. 2024-25 കാലയളവിൽ ഇന്ത്യ ഏകദേശം 248 ദശലക്ഷം ടൺ പാൽ ഉൽപ്പാദിപ്പിച്ചു പത്ത് വർഷം മുമ്പത്തേക്കാൾ ഏകദേശം 70 ശതമാനം കൂടുതലാണത്. ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ച് അഞ്ച് പതിറ്റാണ്ടിലേറെ പിന്നിടുമ്പോൾ 2024 ഡിസംബറിൽ ഇന്ത്യ ‘വൈറ്റ് റെവല്യൂഷൻ 2.0 (രണ്ടാം ധവളവിപ്ലവം) ആരംഭിച്ചു. ക്ഷീര സഹകരണ സംഘങ്ങളുടെ സേവനം ഇപ്പോഴും എത്താത്ത നിരവധി ഗ്രാമങ്ങളുണ്ട്. അത്തരം കർഷകരെ സംഘടിത പാൽ വിപണിയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം യു.എ.ഇ, സൗദി അറേബ്യ, അമേരിക്ക, ഭൂട്ടാൻ തുടങ്ങിയ വിദേശ വിപണികളിലേക്കും ഇന്ത്യൻ ക്ഷീരോൽപ്പന്നങ്ങൾ എത്തിച്ചേരുകയാണ്.





