സ്വദേശിവൽക്കരണം: യുഎഇയിലെ സ്വകാര്യ കമ്പനികൾ ജൂൺ 30നകം ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ ജൂലൈ മുതൽ പിഴ
ദുബൈ: യുഎഇയിൽ അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ സ്വദേശിവൽക്കരണ നടപടികൾ ജൂൺ 30നകം പൂർത്തിയാക്കണമെന്ന് ഓർമിപ്പിച്ച് മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). ഈ വർഷത്തെ ആദ്യ ആറു മാസത്തിനുള്ളിൽ വൈദഗ്ധ്യമുള്ള തസ്തികകളിൽ സ്വദേശികളുടെ എണ്ണത്തിൽ 1 ശതമാനം വർധനവ് ഉറപ്പാക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നു. ലക്ഷ്യം കൈവരിക്കാത്ത കമ്പനികൾക്ക് ജൂലൈ ഒന്നു മുതൽ കനത്ത പിഴ ചുമത്തുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. വർഷത്തിൽ 2 ശതമാനം വർധനവാണ് യുഎഇയുടെ സ്വദേശിവൽക്കരണ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്. നിശ്ചിത എണ്ണം സ്വദേശികളെ നിയമിക്കാത്ത ഓരോ തസ്തികയ്ക്കും മാസം10,000 ദിർഹം വീതം പിഴ നൽകേണ്ടി വരും. അതായത്, ഒരു തസ്തികയ്ക്ക് പ്രതിവർഷം 1,20,000 ദിർഹം വരെ പിഴയായി നൽകേണ്ടി വരും. യോഗ്യരായ സ്വദേശി തൊഴിൽ അന്വേഷകരെ കണ്ടെത്താൻ തൊഴിലുടമകൾ ‘നഫീസ്’ പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. സ്വദേശിവൽക്കരണ പദ്ധതിയുടെ ഭാഗമായി നിശ്ചിത ലക്ഷ്യത്തിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് ‘എമിറൈസേഷൻ പാർട്‌ണേഴ്‌സ് ക്ലബ്ബിൽ’ അംഗത്വവും, സേവന ഫീസുകളിൽ 80 ശതമാനം വരെ ഇളവുകളും സർക്കാർ കരാറുകളിൽ മുൻഗണനയും ലഭിക്കും. എമിറൈസേഷൻ നിയമങ്ങൾ മറികടക്കുന്നതിനായി ചില കമ്പനികൾ നടത്തുന്ന ‘വ്യാജ സ്വദേശിവൽക്കരണ’ ശ്രമങ്ങൾക്കെതിരെ മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ ഗുരുതരമായ ലംഘനമാണെന്നും, അത്യാധുനിക ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളിലൂടെ ഇത്തരം തട്ടിപ്പുകൾ കണ്ടെത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഇത്തരം നിയമലംഘനങ്ങൾ മന്ത്രാലയത്തിന്റെ കോൾ സെന്റർ, വെബ്‌സൈറ്റ് അല്ലെങ്കിൽ സ്മാർട്ട് ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്.


