അമ്മയെ വിവാഹം കഴിക്കാൻ ആറുവയസുകാരനെ കഴുത്തറുത്ത് കൊന്നു; ബാങ്ക് മാനേജറായ യുവാവ് പിടിയിൽ

മീററ്റ്: യുവതിയെ വിവാഹം കഴിക്കുന്നതിനായി അവരുടെ ആറുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ ബാങ്ക് മാനേജറായ മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28) ആണ് പിടിയിലായത്. മീററ്റിലെ റാംരാജ് ഗ്രാമത്തിലെ അംഗദ്വീർ എന്ന ആറുവയസുകാരനാണ് കൊല്ലപ്പെട്ടത്. തന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് പ്രതി ഈ ക്രൂരത ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ വീടിന് 10 കിലോമീറ്റർ അകലെയുള്ള ഒരു പാടത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് പ്രതി കേസിൻ്റെ വഴിതിരിച്ചുവിടാൻ ശ്രമിച്ചതായി മീററ്റ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അഭിജീത് കുമാർ പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിലാണ്, മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചത്. കുട്ടിയുടെ അമ്മയായ ഗുർപ്രീത് കൗറിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുറ്റകൃത്യത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ പിതാവ് ഗുർസേവക് ദുബായിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മൂമ്മ ബൽവീന്ദർ കൗർ ഹസുമയാണ് പരാതി നൽകിയത്, സംഭവത്തിൽ അർപിത് പരാശറിനെ സംശയമുള്ളതായും ഇവർ അറിയിച്ചു. അന്വേഷണത്തിനിടയിൽ, പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കുകയും ഇതിൽ വീടിന് പുറത്ത് കളിക്കുന്നതിനിടയിൽ, ഒരു വെള്ള കാറിലിരുന്നയാൾ കുട്ടിയെ അടുത്തേക്ക് വിളിക്കുന്നത് കാണാം. കുട്ടി യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ കാറിനടുത്തേക്ക് പോകുന്നതും അതിൽ കയറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിൽ നിന്നാണ് കാറിലുണ്ടായിരുന്ന ആളെ കുട്ടിക്ക് മുൻപ് പരിചയമുണ്ടായിരിക്കാം എന്ന അനുമാനിത്തിലേക്ക് പൊലീസ് എത്തിയത്. ഇതോടെ തട്ടിക്കൊണ്ടുപോയത് അപരിചിതരല്ല എന്ന നിഗമനത്തിൽ എത്താനും, കുടുംബവുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും പൊലീസിന് സഹായകമായി. പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും, വീടിന് മുന്നിൽ നിന്ന് കുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് സമ്മതിച്ചതായുമാണ് വിവരം.കുട്ടിയുടെ മൃതദേഹം നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button