ലോകകപ്പിൽ സ്പാനിഷ് യുഗം; ഒരേസമയം പുരുഷ-വനിതാ ചാമ്പ്യന്മാരാകുന്ന ആദ്യ രാജ്യം

ന്യൂയോർക്ക്/ന്യൂജേഴ്‌സി: അർജന്റീനയെ തകർത്ത് 2026-ലെ ഫിഫ ലോകകപ്പ് ഫുട്ബാൾ കിരീടം സ്പെയിനിന്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ ജയം. ഇതോടെ പുരുഷ-വനിത ഫിഫ ലോകകപ്പ് കിരീടങ്ങൾ ഒരേസമയം കൈവശം വെക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും സ്പെയിൻ സ്വന്തമാക്കി. ന്യൂയോർക്ക്/ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു മത്സരത്തിന്റെ വിധി നിർണ്ണയിച്ച ഗോൾ പിറന്നത്. അധിക സമയത്തിന്‍റെ 106ാം മിനിറ്റിൽ പകരക്കാരൻ ഫെറാൻ ടോറസാണ് ടീമിന്‍റെ വിജയഗോൾ നേടിയത്. വലതു വിങ്ങിൽനിന്ന് ബാക് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ്ഡ് ചെയ്ത് ടോറസിനു മുന്നിലേക്കിട്ടു കൊടുത്തു. ഒട്ടും താമസിയാതെ ടോറസിന്‍റെ ഒരു കിടിലൻ ഷോട്ട് വലയിൽ. നിശ്ചിമ സമയത്ത് ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ഇൻജുറി ടൈമിൽ അർജന്‍റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയത് ടീമിന് തിരിച്ചടിയായി. സ്പെയിൻ പ്രതിരോധ താരം കുബാർസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് എൻസോ പുറത്തായത്.ഈ വിജയത്തോടെ തോൽവിയറിയാതെയുള്ള സ്പെയിനിന്റെ കുതിപ്പ് 38 മത്സരങ്ങളായി. പുരുഷ ഫുട്ബാളിൽ ഇതൊരു പുതിയ ലോക റെക്കോർഡാണ്. ടൂർണമെന്റിലുടനീളം അത്യുജ്ജല പ്രകടനമാണ് ‘ലാ റോഹ’ പുറത്തെടുത്തത്. കളിച്ച എട്ടു മത്സരങ്ങളിൽ നിന്ന് വെറുമൊരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത്. 2023-ലെ വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലീഷ് പടയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി സ്പാനിഷ് വനിതകൾ ആദ്യമായി കിരീടം ചൂടിയിരുന്നു. ഇതോടെയാണ് ഫിഫയുടെ രണ്ടു ലോകകിരീടങ്ങളും ഒരേസമയം സ്പെയിനിന്റെ ഷോക്കേസിലെത്തിയത്. ഫുട്ബാൾ ചരിത്രത്തിൽ പുരുഷ-വനിതാ ലോകകപ്പുകൾ നേടിയിട്ടുള്ള മറ്റൊരു ടീം ജർമനി മാത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button