വിമാന ഇന്ധന വില വർധനവ് തിരിച്ചടിയാകുന്നു; ഇന്ത്യ-ഒമാൻ ടിക്കറ്റ് നിരക്കുകൾ വീണ്ടും ഉയർന്നു
മസ്കത്ത്: മുൻനിര വിമാന കമ്പനികൾ ഇന്ധന സർചാർജുകൾ വർധിപ്പിച്ചതോടെ ഇന്ത്യ-ഒമാൻ സെക്ടറിൽ ടിക്കറ്റ് വില ഉയർന്നു. ടിക്കറ്റൊന്നിന് ഏകദേശം 22 ഒമാൻ റിയാലോളമാണ് അധികം നൽകേണ്ടി വരുന്നത്. മൂന്ന് പ്രധാന വിമാനകമ്പനികൾ നിരക്ക് ഉയർത്തിയതോടെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയാണുണ്ടായത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇന്ധന സർചാർജ് കൂട്ടാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ ഒക്ടോബർ 6 മുതൽ നിരക്ക് വർധിപ്പിച്ചപ്പോൾ തൊട്ടുപിന്നാലെ ഒക്ടോബർ 9 മുതൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും സർചാർജ് കൂട്ടി. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഒമാനിൽ നിന്നുള്ള ഇൻഡിഗോ യാത്രക്കാർക്ക് ടിക്കറ്റൊന്നിന് 22 ഒമാനി റിയാൽ വരെ അധിക ചെലവ് വരും. ഒക്ടോബർ 6 മുതൽ നടത്തുന്ന പുതിയ ബുക്കിംഗുകൾക്കെല്ലാം ഈ നിരക്ക് ബാധകമാക്കിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിനാണെങ്കിൽ 21.5 ഒമാനി റിയാലാണ് അധികം നൽകേണ്ടി വരിക. നിലവിൽ സാധാരണക്കാരായ പ്രവാസികൾക്ക് ടിക്കറ്റ് നിരക്കുകൾ തന്നെ വലിയ ഭാരമായണ്, അതിന് മുകളിലാണ് ഇരുട്ടടിയെന്നോണം പുതിയ സർചാർജ് വർദ്ധനവ് കൂടി വരുന്നത്. അതേസമയം വിമാന ഇന്ധനമായ എടിഎഫ് വിലയിൽ പ്രതിമാസം 14 ശതമാനത്തിന്റെ വർധനവുണ്ടായെന്നും കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിരക്കിലൊന്നിലേക്ക് എത്തിയതായും ഇൻഡിഗോ പറയുന്നു. സർചാർജ് കൂട്ടാൻ നിർബന്ധിതമായതാണെന്നും ഇന്ധനവിലയിലെ മാറ്റിത്തിനനുസരിച്ച് ആവശ്യമായ ഘട്ടങ്ങളിൽ നിരക്കുകളിൽ മാറ്റം വരുത്തുമെന്നു കമ്പനി പറയുന്നുണ്ട്.





