തിരുവങ്ങൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിക്കടിയില്‍ കുടുങ്ങി ബൈക്ക് യാത്രികൻ മരണപ്പെട്ടു
തിരുവങ്ങൂര്‍: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട ബൈക്ക് യാത്രികന് മരിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

സ്പീഡ് ട്രാക്കിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. തിരുവങ്ങൂരില്‍ നിന്നും സ്പീഡ് ട്രാക്കിലേക്ക് കയറുകയായിരുന്ന ബൈക്ക്. ലോറി ഇടിച്ചതിന് പിന്നാലെ ബൈക്ക് അല്പം മുന്നോട്ടേക്ക് തെറിച്ചു നീങ്ങുകയും ബൈക്ക് യാത്രികനായ യുവാവ് താഴെവീണ് ഇയാളുടെ മുകളിലൂടെ ലോറി കയറുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ലോറിയുടെ ടയറില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം.
കെ.എല്‍ 56 എ.ബി 1498 ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.





