ഉയിർ’ സിനിമയ്ക്ക് പ്രചോദനമായ ക്രൂരകൊലപാതകം; ഇരിട്ടി ശോഭാ വധക്കേസിൽ രണ്ടാം ഭർത്താവ് കുറ്റക്കാരൻ; ശിക്ഷാവിധി നാളെ
‘
കണ്ണൂർ: ഇരിട്ടിയിലെ ശോഭാ വധക്കേസിൽ രണ്ടാം ഭർത്താവ് മഞ്ജുനാഥ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കർണാടക തിമ്മ രാജനഹള്ളി സ്വദേശിയാണ് മഞ്ജുനാഥ്.2017 ജനുവരി 21-നാണ് ശോഭയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിൽ തള്ളുകയായിരുന്നുവെന്നാണ് കേസ്. ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ താനും ശോഭയും ചേർന്ന് കൊലപ്പെടുത്തിയ വിവരം പൊലീസിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പ്രതിയായ മഞ്ജുനാഥ് ശോഭയെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശോഭയുടെ ആദ്യ വിവാഹത്തിലെ രണ്ട് ചെറിയ കുട്ടികളെയും കൂട്ടി മഞ്ജുനാഥ് കടന്നുകളഞ്ഞു. മൈസൂരുവിലും ബെംഗളൂരുവിലും എത്തിയ ശേഷം മുംബൈയിലേക്കുള്ള ട്രെയിനിൽ കുട്ടികളെ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.അന്നത്തെ പ്രൊബേഷൻ എസ്ഐ ആയിരുന്ന അൻഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിൽ എത്തി കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി. നിലവിൽ തൃശൂർ ഈസ്റ്റ് സിഐ ആയ അൻഷാദിന്റെ സംരക്ഷണയിലാണ് ഈ കുട്ടികൾ. 2017 ഫെബ്രുവരി 21-ന് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.ശോഭയുടെ കൊലപാതകവും കുട്ടികളുടെ തിരോധാനവും പ്രമേയമാക്കിയാണ് ‘ഉയിർ’ എന്ന ചലച്ചിത്രം ഒരുക്കിയിരുന്നത്.




