ഓടുന്ന ട്രെയിനിൽ വിളക്ക് കൊളുത്തി, ശംഖ് വിളിച്ച് യാത്രക്കാരന്റെ പൂജ; വീഡിയോ വൈറലായതോടെ പ്രതികരിച്ച് റെയിൽവേ
ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ വിളക്ക് കൊളുത്തി പൂജ നടത്തി, ശംഖ് മുഴക്കി യാത്രക്കാരൻ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേയും രംഗത്തെത്തി. വിശദമായ അന്വേഷണത്തിനായി യാത്രയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ. എസി കോച്ചിനുള്ളിൽ ചെറിയ മേശയൊരുക്കി ദൈവത്തിന്റെ ചിത്രം, പൂക്കൾ, മാലകൾ, മറ്റ് പൂജാസാധനങ്ങൾ എന്നിവ ക്രമീകരിച്ചാണ് യാത്രക്കാരൻ പൂജ നടത്തുന്നത്. വിളക്ക് കൊളുത്തി ആരതി നടത്തുന്നതിനൊപ്പം ശംഖ് മുഴക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇയാൾ ഇത്തരത്തിൽ പൂജ നടത്തുന്നത്.വീഡിയോ പുറത്തുവന്നതോടെ സംഭവത്തിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. മതപരമായ ആചാരങ്ങൾ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും, ട്രെയിൻ, ബസ് പോലുള്ള പൊതുഗതാഗത സംവിധാനത്തിനുള്ളിൽ തുറന്ന തീ ഉപയോഗിക്കുന്നത് അപകടസാധ്യതയുണ്ടാക്കുമെന്നാണ് ഒട്ടുമിക്കയാളുകളുടേയും വിമർശനം. ട്രെയിനിനുള്ളിൽ വിളക്ക് കൊളുത്തുന്നത് തീപിടിത്തത്തിന് കാരണമായേക്കാമെന്നും സഹയാത്രികരുടെ സുരക്ഷയെ ബാധിക്കുമെന്നും പലരും ചൂണ്ടിക്കാട്ടി.അതേസമയം, സംഭവത്തിൽ റെയിൽവേയുടെ ഔദ്യോഗിക പരാതിപരിഹാര സംവിധാനമായ റെയിൽവേ സേവയുടെ അക്കൗണ്ടിലൂടെ അധികൃതർ പ്രതികരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുന്നതിനായി യാത്രയുടെ തീയതി, സമയം, ട്രെയിൻ നമ്പർ, പിഎൻആർ, ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ എന്നിവ നൽകണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടത്. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഇതുപോലുള്ള സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റെയിൽ മദാദ് പോർട്ടൽ വഴിയോ 139 എന്ന ഹെൽപ്പ്ലൈൻ നമ്പറിലൂടെയോ പരാതിപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്രയും ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടും കൂടെയുണ്ടായിരുന്ന യാത്രക്കാരോ, ട്രെയിനിലെ ജീവനക്കാരോ ഇടപെട്ടില്ലേയെന്നും സമൂഹമാധ്യമങ്ങളിലൂടെ ആളുകൾ ചോദിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.





