കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യയാത്ര; ബസുകളില്‍ ‘പ്രിയദര്‍ശിനി’ സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുങ്ങി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീ സൗജന്യയാത്രയുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങി. പ്രിയദര്‍ശിനി എന്ന പേരിലുള്ള സ്റ്റിക്കറാണ് ബസില്‍ പതിപ്പിക്കുന്നത്. സൗജന്യയാത്രയുടെ ലോഗോ തയ്യാറാവാത്തതിനാല്‍ സ്റ്റിക്കറുകള്‍ മാത്രമാണ് തത്ക്കാലം പതിക്കുന്നത്. സൗജന്യയാത്രയുടെ ടിക്കറ്റിന്റെ മാതൃകയും പുറത്തുവന്നിട്ടുണ്ട്. പ്രിയദര്‍ശിനി എന്ന പേരിലാണ് ടിക്കറ്റുകള്‍. സീറോ ടിക്കറ്റാണ് നല്‍കുക. ആദ്യമായി ടിക്കറ്റില്‍ മലയാള ഭാഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഇന്നലെ ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റും കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. ഓര്‍ഡിനറിയില്‍ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. അതേസമയം സ്ത്രീ സൗജന്യയാത്രക്കായി കെഎസ്ആര്‍ടിസിക്ക് മുന്‍കൂര്‍ പണം നല്‍കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. തത്സമയ തിരിച്ചടവ് ഉദ്ദേശിക്കുന്നതിനാല്‍ മാസാവസാനം മാത്രമേ തുക അനുവദിക്കൂ. മുന്‍കൂറായി പണം ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും ഡീസല്‍ വാങ്ങുന്നതും പ്രതിസന്ധിയിലാവുമെന്നാണ് നിഗമനം. പ്രിയദര്‍ശിനി പദ്ധതിക്കായി 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. ഏഴ് കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം. ഇതില്‍ മൂന്നര കോടിയും ഇന്ധനം വാങ്ങാനാണ് ചെലവാകുന്നത്. 45 ദിവസത്തെ ക്രെഡിറ്റ് രീതിയിലാണ് ഇന്ധന കമ്പനികള്‍ കോര്‍പ്പറേഷന് ഡീസല്‍ നല്‍കുന്നത്. അതായത്, 45 ദിവസം മുമ്പ് വാങ്ങുന്ന ഡീസലിന്റെ തുക ഇന്ന് നല്‍കിയാല്‍ മതി. ഇങ്ങനെ വാങ്ങുമ്പോള്‍ 2.70 രൂപ സബ്‌സിഡിയായും 40 പൈസ കൃത്യമായി പണം അടക്കുന്നതുകൊണ്ടുള്ള ഇളവും ചേര്‍ത്ത് ലിറ്ററിന് 3.10 രൂപ കുറച്ചാണ് കമ്പനികള്‍ ഈടാക്കുന്നത്.





