വീണ്ടും ഷിഗെല്ല;തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന മൂന്നുവയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ 12-ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു.
വഴിമധ്യേ കുട്ടി റോഡരികിൽ നിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നതായാണ് വിവരം. അടുത്ത ദിവസം രാവിലെ മുതൽ കുട്ടിക്ക് അതിയായ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി നിലവിൽ ചികിത്സയിലാണ്. കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും ഈ ലക്ഷണങ്ങൾ കാണണമെന്നില്ല.
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. മലിനമായ ഭക്ഷണവും വെള്ളവും വഴിയാണ് രോഗം പകരുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടുകാൽ പഞ്ചായത്ത് പരിധിയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.




