45 ദിവസം തുടർച്ചയായി വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
നമ്മുടെ നാട്ടിൽ ഏറ്റവും വിലകുറവിലും എളുപ്പത്തിലും ലഭിക്കുന്ന ഒരു ഫലമാണ് പഴം. ഏത്തപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ അങ്ങനെ ഏതിനവുമാകട്ടെ, വിലക്കുറവായതുകൊണ്ട് തന്നെ പലപ്പോഴും നമ്മൾ ഇതിന്റെ ആരോഗ്യഗുണങ്ങളെ അത്ര ഗൗരവത്തോടെ കാണാറില്ല. വർഷത്തിലെ 365 ദിവസവും ലഭ്യമായതും ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുമാണ് വാഴപ്പഴത്തിന്റെ സ്ഥാനം. എളുപ്പത്തിൽ ലഭ്യമാകുന്ന, മിതമായ മധുരമുള്ള ഈ പഴം എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. പ്രഭാതഭക്ഷണം മുതൽ ഡെസേർട്ടുകളിൽ വരെ വിവിധ രൂപത്തിൽ ഇത് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, തുടർച്ചയായി 45 ദിവസം ദിവസവും ഒരു വാഴപ്പഴം വീതം കഴിച്ചാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് പരിശോധിക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ (USDA) കണക്കുകൾ പ്രകാരം 100 ഗ്രാം പഴുത്ത വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ താഴെ പറയുന്നവയാണ്: കലോറി: 89 മൊത്തം കൊഴുപ്പ് (Total fat): 0.33 ഗ്രാം കൊളസ്ട്രോൾ: 0 മില്ലിഗ്രാം സോഡിയം: 1 മില്ലിഗ്രാം കാർബോഹൈഡ്രേറ്റ്: 22.80 ഗ്രാം ഡയറ്ററി ഫൈബർ: 2.60 ഗ്രാം പ്രോട്ടീൻ: 1.09 ഗ്രാം പൊട്ടാസ്യം: 358 മില്ലിഗ്രാം വാഴപ്പഴം ശീലമാക്കിയാലുള്ള പ്രധാന ആരോഗ്യ നേട്ടങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദവും: പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് വാഴപ്പഴം. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും രക്തസമ്മർദം കൃത്യമായി നിയന്ത്രിക്കാനും സഹായിക്കുന്നു. ഉയർന്ന അളവിലുള്ള പൊട്ടാസ്യം പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവർത്തനത്തിനും ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താനും ഉത്തമമാണ്. “ആന്റിഓക്‌സിഡന്റ് ആൻഡ് ആന്റി-അതറോസ്ക്ലിറോട്ടിക് പൊട്ടൻഷ്യൽ ഓഫ് ബനാന” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവയ്‌ക്ക് പുറമെ കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, വിറ്റാമിൻ സി, ഇ, ഫൈറ്റോസ്റ്റെറോളുകൾ, ഗാലോകെറ്റെച്ചിൻ (gallocatechin), കാറ്റെച്ചിൻ (catechin) തുടങ്ങിയ പോളിഫിനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ആന്റി-അതറോസ്ക്ലിറോട്ടിക് ഗുണങ്ങൾ നൽകാനും സഹായിക്കുന്നു. വാഴപ്പഴത്തിന്റെ തൊലിയിലും ഈ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതായി പഠനം വ്യക്തമാക്കുന്നു. തൽക്ഷണ ഊർജം നൽകുന്നു: വാഴപ്പഴത്തിലെ സ്വാഭാവിക പഞ്ചസാരയും കാർബോഹൈഡ്രേറ്റും എളുപ്പത്തിൽ ദഹിക്കുന്നവയാണ്. ഇത് ശരീരത്തിന് തൽക്ഷണം ഊർജം നൽകുന്നു. പ്രഭാതഭക്ഷണത്തിനും വ്യായാമത്തിന് മുമ്പും ശേഷവും കഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒന്നാണിത്. തലച്ചോറിന്റെ ആരോഗ്യവും മാനസികാവസ്ഥയും: വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി-6 തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന സെറോടോണിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. മികച്ച ദഹനപ്രക്രിയ: 2.60 മുതൽ മൂന്ന് ഗ്രാം വരെ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം മലബന്ധം തടയാൻ മികച്ചതാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിർത്താനും മൊത്തത്തിലുള്ള ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ദിവസവും വാഴപ്പഴം കഴിക്കുന്നത് കലോറി വർധിപ്പിക്കാൻ കാരണമാകും. അതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കിയേക്കാം. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ, ഗുരുതരമായ വൃക്കരോഗങ്ങൾ ഉള്ളവരും കൂടാതെ പ്രമേഹ രോഗമുള്ളവരും ഇത്തരം ഡയറ്റുകൾ തുടങ്ങുന്നതിന് മുമ്പ് നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.





