മദ്യത്തിനൊപ്പം മാജിക് മഷ്റൂമും; കിളി പോയ യുവാവ് 27-ാം നിലയിലെ പൈപ്പിൽ തൂങ്ങി, ഒടുവിൽ സാഹസിക രക്ഷപ്പെടൽ
ബീജിംഗ്: മദ്യത്തോടൊപ്പം മാജിക് മഷ്റൂം (ലഹരി കൂൺ) കഴിച്ച് സ്വബോധം നഷ്ടപ്പെട്ട നാല്പതുകാരൻ അമരത്വം തേടി ഫ്ലാറ്റിന്റെ 27-ാം നിലയിൽ നിന്നും താഴേക്ക് വലിഞ്ഞിറങ്ങി. ചൈനയിലെ യുനാനിയിൽ താമസിക്കുന്ന സൂ എന്നയാളാണ് കടുത്ത അബോധത്തിൽ മരണത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. തന്റെ കുടുംബം തന്നെ അമരത്വം നേടാനുള്ള സ്വയം പരിശീലനത്തിനായി ക്ഷണിക്കുകയാണെന്ന തോന്നലാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. യുനാനിൽ സാധാരണയായി കണ്ടുവരുന്ന ‘ജിയാൻഷൂക്കിംഗ്’ എന്നയിനം സൈക്കോ ആക്ടീവ് കൂണാണ് സൂ കഴിച്ചത്. മുറിക്കുമ്പോഴോ അമർത്തുമ്പോഴോ നീലനിറം പടരുന്നതിനാലാണ് പ്രാദേശികമായി ഇതിനെ ‘നീലക്കൈ’ കൂൺ എന്ന് വിളിക്കുന്നത്. 120 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടിൽ കുറഞ്ഞത് 15 മിനിറ്റെങ്കിലും കൃത്യമായി വേവിച്ചാൽ മാത്രമേ ഇതിലെ വിഷാംശം ഇല്ലാതാകൂ. വർഷങ്ങളായി ഈ കൂൺ പാകം ചെയ്ത് കഴിക്കാറുള്ള സൂവിന് ഇത്തവണ പറ്റിയ പിഴവ് മറ്റൊന്നായിരുന്നു. കൂണിന്റെ ഒരു ഭാഗം ആദ്യദിവസം കറിവെച്ച് കഴിച്ച ഇയാൾ, പിറ്റേന്ന് ബാക്കിവന്ന ഭാഗം ശരിയായി ചൂടാക്കാതെ മദ്യത്തോടൊപ്പം കഴിക്കുകയായിരുന്നു. ഇതോടെ കൂണിലെ വിഷാംശവും മദ്യവും ചേർന്ന് ലഹരി ഇരട്ടിയാവുകയും ഇയാൾ പൂർണമായും വിഭ്രമാവസ്ഥയിലാവുകയുമായിരുന്നു. ലഹരി മൂത്തതോടെ ചൈനീസ് ഫാന്റസി നോവലുകളിലേതുപോലെ അമരത്വം കൈവരിക്കാനുള്ള പരിശീലനത്തിലാണ് താനെന്ന് സൂ വിശ്വസിച്ചു. തുടർന്ന് ബോധമില്ലാതെ 27-ാം നിലയിലെ ഫ്ലാറ്റിന്റെ ജനൽ വഴി പുറത്തിറങ്ങിയ ഇയാൾ കെട്ടിടത്തിന്റെ മുകളിലേക്ക് വലിഞ്ഞുകയറാൻ ശ്രമിച്ചു. എന്നാൽ, പരാജയപ്പെട്ടതോടെ വശങ്ങളിലെ പൈപ്പ് വഴി താഴേക്ക് ഇറങ്ങാൻ നോക്കി. ഇതിനിടയിൽ പിടിവിട്ട് ഇയാൾ താഴേക്ക് ഊർന്നുപോവുകയായിരുന്നു. ഈ സമയം തൊട്ടുതാഴെ 26-ാം നിലയിലുണ്ടായിരുന്ന സൂവിന്റെ സുഹൃത്ത് ജനലിന് പുറത്ത് അസ്വാഭാവികമായ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പൈപ്പിലൂടെ ചോരയൊലിപ്പിച്ച് ഊർന്നുവരുന്ന സൂവിനെ കണ്ടത്. ഉടൻ തന്നെ സുഹൃത്ത് ജനലിലൂടെ കൈനീട്ടി സൂവിനെ അതിസാഹസികമായി തന്റെ അപ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ ഉടൻ തന്നെ സൂ കടുത്ത അബോധാവസ്ഥയിലാവുകയും പിന്നീട് കോമയിലാവുകയും ചെയ്തു. തുടർന്ന് യുനാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ, ലഹരി കൂൺ വിഭ്രമ ചികിത്സയിൽ വിദഗ്ദ്ധനായ ഡോ. ഷൂവിന്റെ നേതൃത്വത്തിലാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ശരീരത്തിലെ വിഷാംശം പൂർണമായി കളയുന്നതിനായി നിരവധി തവണ അടിയന്തിരമായി വയർ കഴുകൽ പ്രക്രിയകൾക്ക് ഇയാളെ വിധേയനാക്കി. ദിവസങ്ങൾക്ക് ശേഷം പൂർണ സുഖം പ്രാപിച്ച സൂ തനിക്കുണ്ടായ ഭയപ്പെടുത്തുന്ന അനുഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. തന്റെ പ്രിയപ്പെട്ട വിനോദങ്ങളായിരുന്ന മദ്യപാനവും പുകവലിയും കാട്ടുക്കൂൺ തീറ്റയും ജീവിതത്തിൽ ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് ഇയാൾ പ്രതിജ്ഞയെടുത്തു കഴിഞ്ഞു. യുനാൻ പ്രവിശ്യയിൽ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കൂൺ കഴിച്ച് ഇത്തരത്തിൽ നിരവധി പേർ ആശുപത്രികളിൽ എത്താറുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സുഹൃത്തിന്റെ കൃത്യസമയത്തെ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ സൂവിന്റെ അമരത്വം തേടിയുള്ള യാത്ര നേരെ മരണത്തിലേക്കാകുമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.





