മണിക്കൂറിൽ 200 കി.മീ വേഗത, തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ എത്താൻ 3.30 മണിക്കൂർ; അതിവേഗ റെയിൽ പദ്ധതി ഇങ്ങനെ…

തിരുവനന്തപുരം: കെ റെയിൽ പദ്ധതി ഉപേക്ഷിച്ച ശേഷം പുതിയ അതിവേഗ റെയിൽ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പദ്ധതിയുടെ വിശദമായ രൂപരേഖ (ഡി.പി.ആർ) മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ചിരുന്നു. കേരളത്തിന്റെ റെയിൽ ഗതാഗതത്തിൽ വമ്പൻ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയതെന്ന് ഇ. ശ്രീധരൻ പറഞ്ഞു. വിശദമായ രൂപരേഖ സമർപ്പിച്ചതിന് പിന്നാലെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരുള്ള മുണ്ടയാട് വരെയാണ് നിലവിൽ റെയിൽപാത വിഭാവനം ചെയ്തിരിക്കുന്നത്. 473.20 കിലോമീറ്റർ ദൂരമാണ് പൂജപ്പുര മുതൽ മുണ്ടയാട് വരെയുള്ളത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകൾ, ലക്ഷ്യസ്ഥാനത്തേക്കെത്താൻ മൂന്നര മണിക്കൂറാണ് പരമാവധി എടുക്കുന്ന സമയം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 23 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി ദൂരം 21.5 കിലോമീറ്റർ ആയിരിക്കും. പൂജപ്പുരയിൽ നിന്നും തുടങ്ങി തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, എറണാകുളം (പാലാരിവട്ടം), ആലുവ, കൊച്ചി വിമാനത്താവളം, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് വിമാനത്താവളം, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ് വഴി കണ്ണൂർ മുണ്ടയാട് അവസാനിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ ക്രമം. കണ്ണൂർ ഒഴികെയുള്ള മൂന്ന് വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ അതിവേഗ റെയിൽപാത, മുണ്ടയാട് സ്റ്റേഷനിൽനിന്ന് കണ്ണൂർ വിമാനത്താവളം വരെ പത്ത് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ മതിയാകും. ഇതിനായി മികച്ച റോഡുകൾ നിർമിക്കാനും ശിപാർശ ചെയ്യുന്നുണ്ട്. ലോകത്തിലെ ആധുനിക റെയിൽവേ സംവിധാനങ്ങൾക്ക് അനുയോജ്യമായ സ്റ്റാൻഡേർഡ് ഗേജിലാണ് ഈ ഇരട്ടപ്പാത നിർമിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ദൂരം ടണലിലൂടെയോ ഭൂമിക്കടിയിലൂടെയോ കടന്നുപോകുമെങ്കിലും ബാക്കിയുള്ള മുഴുവൻ പാതയും ആകാശപാത ആയിട്ടാണ് നിർമിക്കുക. ഇതിനായി 20 മീറ്റർ വീതിയിൽ മാത്രം ഭൂമി ഏറ്റെടുത്താൽ മതിയാകും. ഏകദേശം 60,000 കോടി രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി, സ്വന്തം സൗരോർജ പ്ലാന്റുകളിൽനിന്നുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഹരിത റെയിൽ ഇടനാഴിയായിരിക്കും. കൂടാതെ ആവശ്യമായ ഊർജം ഉൽപ്പാദിപ്പിച്ച ശേഷം ബാക്കിവരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. തുടക്കത്തിൽ 12 കോച്ചുകളിൽ യാത്ര ആരംഭിക്കുന്ന പദ്ധതി, ഭാവിയിൽ 16 കോച്ചുകൾ വരെ വർധിപ്പിച്ച് സർവിസ് നടത്താൻ സാധിക്കും. തുടക്കത്തിൽ 800 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം സർവീസിന്റെ എണ്ണവും വർധിപ്പിക്കുന്നതോടെ പ്രതിദിനം 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടാകും. പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചാൽ അഞ്ച് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button