മിയാമിയില്‍ ഗോള്‍ മേളം; ഫ്രഞ്ച് പടയെ തകര്‍ത്ത് 6-4 ന് ഇംഗ്ലണ്ട് മൂന്നാമന്‍
മിയാമി | ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ കണ്ടത് ഗോള്‍ മഴ. ഇംഗ്ലണ്ടും ഫ്രാന്‍സും മത്സരിച്ച് ഗോളടിച്ച അങ്കത്തിനൊടുവില്‍ ഇംഗ്ലീഷുകാര്‍ വിജയം കൊത്തിയെടുത്തു. ലോകമാകെയുള്ള കാല്‍പ്പന്തു കളി ആരാധകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ പോരാട്ടമാണ് ഫ്‌ളോറിഡ മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. നാലിനെതിരെ ആറ് ഗോളിനാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കിയത്. ഇംഗ്ലണ്ട് താരം ബുക്കായോ സാകയുടെ ഹാട്രിക്കിനും സ്‌റ്റേഡിയം സാക്ഷിയായി.
ഫ്രാന്‍സിനു വേണ്ടി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ രണ്ട് ഗോളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. എന്നാല്‍, നിലവിലെ സീസണില്‍ മാത്രമല്ല, എക്കാലത്തെയും ഗോള്‍വേട്ടക്കാരില്‍ ഒന്നാമനാകാന്‍ എംബാപ്പെക്ക് സാധിച്ചു. സീസണിലെ 10 ഉള്‍പ്പെടെ ആകെ 22 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. അര്‍ജന്റീനയുടെ ലയണല്‍ മെസിയാണ് തൊട്ടുപിന്നിലുള്ളത്.
മത്സരം തുടങ്ങി മൂന്നാമത്തെ മിനുട്ടില്‍ തന്നെ ഗോള്‍ നേടി ഇംഗ്ലണ്ട് ഫ്രാന്‍സിനെ ഞെട്ടിച്ചു. ഡെക്ലന്‍ റൈസായിരുന്നു സ്‌കോറര്‍. തുടര്‍ന്ന് മൈതാനത്ത് ആറാടിയ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുമായി സര്‍വാധിപത്യം സ്ഥാപിച്ചു. 18-ാം മിനുട്ടില്‍ എസ്രി കോന്‍സ ഗോള്‍ നേടിയപ്പോള്‍ 37, 45+1 മിനുട്ടുകളില്‍ ബുക്കായോ സാക ലക്ഷ്യം കണ്ടു.
അതേസമയം, ഗോള്‍ മഴ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ നിരാശയൊന്നും കാണിക്കാതെ രണ്ടാം പകുതിയില്‍ പൊരുതിയ ഫ്രാന്‍സ് രണ്ട് ഗോള്‍ തിരിച്ചടിച്ചു. 48, 66 മിനുട്ടുകളില്‍ എംബാപ്പെ വ കയായിരുന്നു ഗോളുകള്‍. 54-ാം മിനുട്ടില്‍ ബ്രാഡ്‌ലി ബര്‍ക്കോളയും ഇംഗ്ലണ്ട് വലയില്‍ പന്ത് കയറ്റിയപ്പോള്‍ സ്‌കോര്‍ 4-3ലെത്തി. മത്സരം ആര് സ്വന്തമാക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാവാതെ മത്സരം മുന്നേറവേ 87-ാം മിനുട്ടില്‍ ഇംഗ്ലണ്ടിന് പെനാള്‍ട്ടി ലഭിച്ചു. കിക്കെടുത്ത സാകക്ക് പിഴച്ചില്ല. ഇതോടെ സാക തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. എന്നിട്ടും വിട്ടുകൊടുക്കാന്‍ ഫ്രാന്‍സ് തയ്യാറായില്ല. ഇഞ്ച്വറി സമയത്ത് (90+6) ഉസ്മാന്‍ ഡെംബലെയിലൂടെ ഫ്രാന്‍സ് ഒരു ഗോള്‍ കൂടി കണ്ടെത്തി (സ്‌കോര്‍: 5-4). 90+8-ാം മിനുട്ടില്‍ ജൂഡ് ബെല്ലിംഗ് ഗോളില്‍ ടീമിന്റെ ആറാം ഗോളടിച്ച് ഇംഗ്ലണ്ട് വിജയം ഉറപ്പാക്കി.




