ഡിസംബർ 1 മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രത്യേക ക്യൂ…പരമാവധി ഒരു മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കാം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ദര്‍ശനവരി ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 3.30 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകള്‍ക്കും കൈക്കുഞ്ഞുങ്ങളുമായും അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുമായും എത്തുന്നവര്‍ക്കുമാണ് പുതിയ സംവിധാനം പ്രയോജനപ്പെടുക.
മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ വേഗത്തില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കുകയാണ് ദേവസ്വത്തിന്റെ ലക്ഷ്യം. പരമാവധി ഒരു മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ആലോചിക്കുന്നത്. തിരക്ക് കൂടുതലാണെങ്കില്‍ രണ്ടുമണിക്കൂര്‍ വരെ കാത്തിരിക്കേണ്ടിവന്നേക്കാം. എന്നാല്‍ പൊതുവരിയില്‍ നാലും അഞ്ചും മണിക്കൂര്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
വനിതകള്‍ക്കായുള്ള പ്രത്യേക ക്യൂ കിഴക്കേനടയില്‍ ഒരുക്കാനാണ് തീരുമാനം. നിലവിലെ ക്യൂപ്പന്തലിന് തൊട്ടുകിഴക്ക്, പൊലീസ് കണ്ട്രോള് റൂമിന് എതിര്‍വശത്തായിരിക്കും പുതിയ വരിയുടെ തുടക്കം. ഇതിനായി നാല് സ്റ്റീല്‍ വരികള്‍ പുതുതായി സ്ഥാപിക്കും. ഇവിടെനിന്ന് തീര്‍ത്ഥാടകരെ ക്യൂപ്പന്തലിലെ ആദ്യത്തെ നാല് വരികളിലേക്ക് പ്രവേശിപ്പിക്കും. ശനിയാഴ്ച ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം പുതിയ സംവിധാനത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുടെ ചുമതല അഡ്മിനിസ്ട്രേറ്റര്‍ എസ്. ഹരിഗോപാലിന് കൈമാറി. ക്യൂ സംവിധാനം ഒരുക്കാനുള്ള ചുമതല ദേവസ്വം എന്‍ജിനീയറിങ് വിഭാഗത്തിനാണ്. അടുത്ത ദിവസം തന്നെ സ്റ്റീല്‍ വരികള്‍ സ്ഥാപിക്കും.
അതേസമയം, എല്ലാ സ്ത്രീകളും നിര്‍ബന്ധമായും പ്രത്യേക ക്യൂ ഉപയോഗിക്കണമെന്നില്ല. കുടുംബത്തോടൊപ്പം എത്തുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം പൊതുവരിയില്‍ തന്നെ നിന്ന് ദര്‍ശനം നടത്താം. ദര്‍ശനത്തിനുള്ള മുഴുവന്‍ ക്യൂ സംവിധാനങ്ങളും ക്ഷേത്രത്തിനകത്തുനിന്ന് പുറത്തേക്ക് മാറ്റാനും ദേവസ്വം ആലോചിക്കുന്നുണ്ട്. ക്ഷേത്രത്തിനുള്ളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ ജീവനക്കാരുടെ വരി, പ്രാദേശികര്‍ക്കുള്ള വരി, ചോറൂണ് വരി, പ്രത്യേക വരി എന്നിവ ക്ഷേത്രത്തിനകത്തുണ്ട്. നെയ്വിളക്ക് ദര്‍ശനത്തിനുള്ള വരി അടുത്തിടെ പുറത്തേക്ക് മാറ്റിയിരുന്നു.
മുതിര്‍ന്ന പൗരന്മാര്ക്കായുള്ള വരിയും ക്ഷേത്രത്തിന് പുറത്തുള്ള മതിലിനോട് ചേര്‍ന്ന് കൂടുതല്‍ വടക്കുഭാഗത്തേക്ക് നീട്ടിയിട്ടുണ്ട്. വടക്കേ നടപ്പന്തലിന്റെ അറ്റംവരെയാണ് ഇപ്പോള്‍ ഈ വരി നീട്ടിയിരിക്കുന്നത്.





